പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്ന ഹരജികള്‍ സുപ്രിംകോടതി 19ന് പരിഗണിക്കും

Update: 2024-03-15 07:24 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി 19ന് പരിഗണിക്കും. ചൊവ്വാഴ്ച ഹരജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് അറിയിച്ചത്. മതത്തിന്റെ പേരില്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന് തുടങ്ങി ആവശ്യപ്പെട്ട് വ്യക്തികളുടേത് ഉള്‍പ്പെടെയുള്ള 237 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്. വിഷയം എത്രയും വേഗം വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ മെന്‍ഷന്‍ ചെയ്തതോടെയാണ് സുപ്രിംകോടതി പരിഗണിക്കാമെന്ന് അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള മുസ് ലിം ലീഗിന്റെ ഹരജിയാണ് മുഖ്യ ഹരജിയായി പരിഗണിച്ചിട്ടുള്ളത്. ലീഗിനു പുറമെ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡിവൈഎഫ്‌ഐ, എസ് ഡിപി ഐ, സിപി ഐ തുടങ്ങിയവര്‍ ഹരജി നല്‍കിയിട്ടുണ്ട്. 2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ് എന്ന വാദവും ഉന്നയിക്കുന്നുണ്ട്. നാലു വര്‍ഷത്തിനു ശേഷം നിയമത്തിന്റെ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്നും അതിനാല്‍ എത്രയും വേഗം പരിഗണിച്ചില്ലെങ്കില്‍ നടപ്പാക്കിക്കഴിയുമെന്നും പിന്നെ പിന്‍വലിക്കാന്‍ പ്രയാസമാവുമെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അതേസമയം,

    ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അടിയന്തര വാദം കേള്‍ക്കണമെന്ന അഭ്യര്‍ഥനയോടെ മുസ് ലിം ലീഗിന്റെ അപേക്ഷകള്‍ പരാമര്‍ശിക്കുകയായിരുന്നു. '2019ലാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. അന്ന് ചട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ കോടതി സ്‌റ്റേ നല്‍കിയില്ല. ഇപ്പോള്‍ അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു. പൗരത്വം നല്‍കിയാല്‍, അത് തിരുത്തുക അസാധ്യമായിരിക്കും. അതിനാല്‍ ഇടക്കാല അപേക്ഷ കേള്‍ക്കണമെന്നാണ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, സുപ്രിംകോടതി ലിസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് എതിര്‍പ്പില്ലെന്നും പൗരത്വം നല്‍കുന്നതിനെ ചോദ്യം ചെയ്യാന്‍ ഹരജിക്കാര്‍ക്ക് ആര്‍ക്കും അധികാരമില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മുസ് ലിം ലീഗിന്റെ അപേക്ഷ മാത്രമല്ല, പൗരത്വ ഭേദഗതി ചട്ടങ്ങള്‍ 2024 സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിന് പോസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് സമ്മതിച്ചത്.

Tags:    

Similar News