ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കുരുതി: സുപ്രിംകോടതി സ്വമേധയാ കേസെടുത്തു

Update: 2021-10-06 16:58 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനമിടിച്ച് നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച നാളെ കേസ് പരിഗണിക്കും. സംഘര്‍ഷത്തില്‍ ഇന്നലെ പുറത്തുവന്ന എഫ്‌ഐആറില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ കൊലപാതകുറ്റം ചുമത്തിയിരുന്നു. മന്ത്രി അജയ് മിശ്രയും മകനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍, കണ്ടാലറിയുന്നവരെന്ന പേരിലാണ് മറ്റുള്ളര്‍ക്കെതിരേ കേസെടുത്തത്.

മന്ത്രിക്കെതിരെയും കുറ്റം ചുമത്തണമെന്നും മന്ത്രിയെയും മകനെയും ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റുചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി തുടങ്ങി നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ മിശ്ര രാജിവയ്ക്കണമെന്നും മകനെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ആഷിശ് മിശ്ര സ്ഥലത്തുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോയും പുറത്തുവന്നു. ഭയ്യ അഥവാ ആശിഷ് മിശ്രയാണ് കര്‍ഷകരെ ആദ്യം ഇടിച്ച താര്‍ വാഹനത്തിലുണ്ടായിരുന്നതെന്ന് സംഘത്തിലെ ഒരാള്‍ പോലിസിനോട് പറയുന്നുണ്ട്.

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനായി ലഖിംപൂര്‍ ഖേരിയിലേക്ക് പോകവേ പോലിസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ യുപി പോലിസ് വിട്ടയച്ചിരുന്നു. കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ലഖിംപൂര്‍ ഖേരിയിലേക്ക് പോവാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെ യുപി പോലിസ് വിട്ടയച്ചത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂരിലെത്തി കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ട്.

Tags: