മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേയ്ക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ

Update: 2024-01-16 09:05 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. പള്ളിയില്‍ സര്‍വേ നടത്താന്‍ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് നടപടി. ഈദ്ഗാഹ് മസ്ജിദ് പരിസരത്ത് കോടതിയുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്തണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.

    അഭിഭാഷക കമീഷ്ണറെ നിയമിക്കണമെന്ന അപേക്ഷ അവ്യക്തതയുള്ളതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്‍മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹിന്ദുവിഭാഗമാണ് കോടതിയെ സമീപിച്ചത്. നേരത്തേ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളി സമുച്ഛയത്തില്‍ നടത്തിയ സര്‍വേയുടെ മാതൃകയിലുള്ള പരിശോധനയാവും ഷാഹി ഈദ്ഗാഹിലും നടക്കുകയെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ, ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.

    മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് നിര്‍മിച്ചതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശവാദം. അതിനാല്‍ തന്നെ പള്ളിസമുച്ചയം അവിടെനിന്ന് മാറ്റി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍, 1991ലെ ആരാധനാലയ സംരക്ഷണനിയമം ചൂണ്ടിക്കാട്ടി ഹരജി തള്ളണമെന്ന് മുസ്‌ലിംപക്ഷം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 1947 ആഗസ്റ്റ് 15ന് ഉണ്ടായിരുന്നതുപോലെ ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ പദവിയും തല്‍സ്ഥിതിയും നിലനിര്‍ത്തണമെന്നാണ് നിയമത്തില്‍ പറയുന്നത്. അയോധ്യയിലെ ബാബരി മസ്ജിദിനോടൊപ്പം തന്നെ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കുന്ന മസ്ജിദുകളാണ് കാശിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും.

Tags: