സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി

Update: 2022-10-21 06:36 GMT

ന്യൂഡല്‍ഹി: എ പി ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹരജിയിലാണ് കോടതി ഉത്തരവ്. കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കാനിരിക്കെയാണ് ഇപ്പോള്‍ സുപ്രിംകോടതി നിയമനം റദ്ദാക്കിയത്. വരുന്ന ഫെബ്രുവരിയിലാണ് ഡോ. രാജശ്രീയുടെ കാലാവധി കഴിയുക.

വിസി നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട യുജിസി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. പി എസ് ശ്രീജിത്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എം ആര്‍ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചിന്റെ വിധി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അപേക്ഷിച്ച വ്യക്തിയായിരുന്നു ഡോ. പി എസ് ശ്രീജിത്ത്.

എന്നാല്‍, ഡോ. രാജശ്രീയെ വിസിയായി നിയമിച്ചെന്ന് മാധ്യമങ്ങളിലൂടെ അറിയുകയായിരുന്നു. മാത്രമല്ല, ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റി മുന്നോട്ടുവച്ചത്. ഇത് തന്നെ പോലെ യോഗ്യരായ ആളുകളെ കബളിപ്പിക്കുന്ന നടപടിയാണെന്നും യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളുകയായിരുന്നു.

തന്റെ ഹര്‍ജികള്‍ തള്ളിയ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും വിധികള്‍ ചോദ്യം ചെയ്താണ് ശ്രീജിത്ത് സുപ്രിംകോടതിയെ സമീപിച്ചത്. ഡോ.ശ്രീജിത്ത് നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതിയുടെ വിധികള്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അതേസമയം, വിധിയില്‍ സന്തോഷമുണ്ടെന്നും തന്റെ പോരാട്ടം ഫലം കണ്ടതായും പരാതിക്കാരന്‍ പ്രതികരിച്ചു.

Tags:    

Similar News