നീറ്റ് പിജി കൗണ്‍സലിങില്‍ ഇടപെടില്ല:സുപ്രിംകോടതി

അടുത്ത് മാസം ഒന്നിന് കൗണ്‍സിലിങ് തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ നടപടി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും,കുട്ടികളുടെ ഭാവി അനിശ്ചിത്വത്തില്‍ ആക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി

Update: 2022-08-29 06:54 GMT

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സലിങില്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി.അടുത്ത് മാസം ഒന്നിന് കൗണ്‍സിലിങ് തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ നടപടി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും,കുട്ടികളുടെ ഭാവി അനിശ്ചിത്വത്തില്‍ ആക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. നീറ്റ് പി ജി കൗണ്‍സലിങില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയും അടങ്ങി ബെഞ്ചിന്റേതാണ് ഉത്തരവ്.

പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.കൗണ്‍സലിങ് സെപ്തംബര്‍ ഒന്നിനു തുടങ്ങുമെന്നും അതിനു മുമ്പ് ഹരജി പരിഗണിക്കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. 'ഞങ്ങള്‍ അതില്‍ ഇടപെടില്ല. കൗണ്‍സലിങ് നടക്കട്ടെ, ഇനിയും അത് നിര്‍ത്തിവയ്ക്കാനാവില്ല. വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാനാവില്ല' എന്നായിരുന്നു ബെിന്റെ പ്രതികരണം.

നീറ്റ് പിജി പരീക്ഷയുടെ ഉത്തര സൂചികയും,ചോദ്യപേപ്പറും പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ആന്‍ഡ് മെഡിക്കല്‍ സയന്‍സസിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹരജിയാണ് കോടതിയുടെ പരാമര്‍ശം.പരീക്ഷയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് ഹരജിയില്‍ ആരോപിക്കുന്നു.ചോദ്യപേപ്പറും ഉത്തരസൂചികയും പുറത്തുവിടാന്‍ എന്‍ബിഇക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. മൂല്യനിര്‍ണ്ണയ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും പരീക്ഷയ്ക്കുശേഷം ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.




Tags: