ത്രിപുര വംശഹത്യാ അതിക്രമം; ട്വീറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് സുപ്രിം കോടതി

ആക്രമത്തെക്കുറിച്ച് പറയുന്നതും ആക്രമത്തിന് സംഭാവന ചെയ്യുന്നതും രണ്ടും രണ്ടാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

Update: 2022-01-12 10:39 GMT

ന്യൂഡല്‍ഹി: ത്രിപുരയില്‍ ഹിന്ദുത്വര്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടത്തിയ വംശഹത്യാ അതിക്രമത്തിനെതിരായി ട്വീറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ത്രിപുര പോലിസിന് നിര്‍ദേശം നല്‍കി സുപ്രിംകോടതി. ആക്രമത്തെക്കുറിച്ച് പറയുന്നതും ആക്രമത്തിന് സംഭാവന ചെയ്യുന്നതും രണ്ടും രണ്ടാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ത്രിപുരയിലെ വംശീയാതിക്രമത്തിനെതിരെ ട്വീറ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സമീഹുല്ല ശബീര്‍ ഖാനെതിരേ ത്രിപുര പൊലിസ് കേസെടുത്തിരുന്നു. ഇതടക്കം നിര്‍ത്തിവെക്കാനും സുപ്രിം കോടതി നിര്‍ദേശം നല്‍കി.

ത്രിപുരയിലെ അക്രമത്തെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയ നൂറിലധികം പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരേ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തിയത്. ത്രിപുരയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ആക്രമണവും ആക്രമണവും കലാപവും അഴിച്ചുവിട്ടത്.

Tags: