ഇപിഎഫ്ഒ അപ്പീല്‍ തള്ളി; ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ കൊടുക്കണമെന്ന് സുപ്രിം കോടതി

പെന്‍ഷന്‍ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രിംകോടതി ശരിവെച്ചു.

Update: 2019-04-02 01:25 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ലഭിക്കാന്‍ വഴിയൊരുക്കി സുപ്രിം കോടതി. പെന്‍ഷന്‍ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രിംകോടതി ശരിവെച്ചു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നടപടി.

ഇതോടെ, യഥാര്‍ഥശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കി ഉയര്‍ന്ന പെന്‍ഷന് എല്ലാവര്‍ക്കും അര്‍ഹത നേടാം. എല്ലാ വിഭാഗത്തിലുംപെട്ട പിഎഫ് അംഗങ്ങള്‍ക്ക് ഒരേപോലെ പെന്‍ഷന് അര്‍ഹതയുണ്ടാകും. 2014ന് ശേഷം പിഎഫില്‍ ചേര്‍ന്ന് 15,000 രൂപയ്ക്ക് മേല്‍ ശമ്പളം വാങ്ങുന്നവര്‍ക്കും ഇനി പെന്‍ഷന് തടസ്സമുണ്ടാകില്ല. പെന്‍ഷന്‍ അര്‍ഹതയ്ക്ക് 15,000 രൂപ ശമ്പളപരിധി നിശ്ചയിച്ച 2014 ആഗസ്ത് 22ലെ വിജ്ഞാപനം 2018 ഒക്ടോബര്‍ 12നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരേയാണ് ഇപിഎഫ്ഒ സുപ്രിം കോടതിയെ സമീപിച്ചത്.

ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ഥ ശമ്പളത്തിന്റെ (അടിസ്ഥാനശമ്പളവും ഡിഎയും കൂട്ടിയ തുക) അടിസ്ഥാനത്തില്‍ പെന്‍ഷന്‍വിഹിതം നല്‍കാനായി ഇനി ഓപ്ഷന്‍ കൊടുക്കാം. ശമ്പളം 15,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഓപ്ഷന്‍ നല്‍കുന്നവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജായി 1.16 ശതമാനം കൂടി നല്‍കണമെന്ന വ്യവസ്ഥയും ഇല്ലാതായി. പെന്‍ഷന് ആധാരമാക്കേണ്ടത് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പളമായിരുന്നത് 60 മാസമാക്കിയ നടപടിയും റദ്ദായി. സുപ്രിംകോടതിയില്‍ ശക്തമായ വാദം നടത്താന്‍ ഇപിഎഫ്ഒ തുനിയാത്തതിനാല്‍ ഇനിയൊരു പുനപ്പരിശോധനാ ഹരജി ഇപിഎഫ്ഒ നല്‍കാന്‍ സാധ്യതയില്ലെന്നാണു കരുതുന്നത്.

വിധിയിലെ പ്രസക്ത ഭാഗങ്ങള്‍:

-2014 സപ്തംബര്‍ ഒന്നിന് മുമ്പ് പിഎഫ് വരിക്കാരായവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടയ്ക്കാനായി ഓപ്ഷന്‍ നല്‍കാം. ജീവനക്കാരും തൊഴിലുടമയും ചേര്‍ന്ന് ഓപ്ഷന്‍ നല്‍കണം.

-2014 സപ്തംബര്‍ ഒന്നിനുശേഷം പിരിഞ്ഞവര്‍ക്ക്, അവസാന 12 മാസത്തെ ശമ്പള ശരാശരിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും. 60 മാസത്തെ ശരാശരിയെന്നത് റദ്ദായി.

-പിഎഫില്‍നിന്ന് പണം പിന്‍വലിച്ച വിരമിച്ച ജീവനക്കാര്‍ക്കും വാങ്ങിയിരുന്ന ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ വിഹിതം പലിശസഹിതം തിരിച്ചടച്ച് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാനാകും.

-പെന്‍ഷന്‍ ശമ്പളപരിധി 15,000 രൂപയാക്കി ഉയര്‍ത്തിയ വിജ്ഞാപനം റദ്ദായതോടെ, ജീവനക്കാര്‍ ഉയര്‍ന്ന വിഹിതത്തിന് ഓപ്ഷന്‍ നല്‍കിയില്ലെങ്കില്‍ പഴയ പരിധിയായ 6,500 രൂപയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിശ്ചയിക്കും. അതായത്, വിധിയുടെ ആനുകൂല്യത്തിനായി ജീവനക്കാര്‍ പുതിയ ഓപ്ഷന്‍ നല്‍കേണ്ടിവരും. 

Tags: