ആനന്ദ് അംബാനിയുടെ വന്താരയ്‌ക്കെതിരേ അന്വേഷണ ഉത്തരവുമായി സുപ്രിം കോടതി

Update: 2025-08-26 08:49 GMT

ന്യൂഡല്‍ഹി: ആനന്ദ് അംബാനിയുടെ വന്യജീവി രക്ഷാ പുനരധിവാസ കേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രിം കോടതി. വന്യജീവി കേന്ദ്രത്തിന്റെയും മൃഗങ്ങളുടെ ഏറ്റെടുക്കലിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വന്യജീവി, മൃഗസംരക്ഷണ നിയമങ്ങളുടെ ലംഘനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കുക എന്നതാണ് എസ്ഐടിയുടെ ചുമതല.

സുപ്രിം കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ എസ്.ഐ.ടിയുടെ അധ്യക്ഷനാകും. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന്‍, മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ ഐ.പി.എസ്, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അനീഷ് ഗുപ്ത ഐ.ആര്‍.എസ് എന്നിവരാണ് എസ്.ഐ.ടിയിലെ മറ്റ് അംഗങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിയുടെ വന്യജീവി രക്ഷാ പുനരധിവാസ പരിപാടിയാണ് വന്താര. ഇതിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ, വാങ്ങുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെയും മറ്റ് ബാധകമായ നിയമങ്ങളുടെയും നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യങ്ങളുണ്ട്. അഭിഭാഷകനായ സി.ആര്‍. ജയ സുകിന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരി?ണിച്ചാണ് ശേഷമാണ് ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള മൃഗങ്ങളെ ഏറ്റെടുക്കുന്നതിലെ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ, 1972 ലെ വന്യജീവി (സംരക്ഷണ) നിയമവും മൃഗശാലകള്‍ക്കുള്ള നിയമങ്ങളും പാലിക്കുന്നുണ്ടോ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരത്തിനായുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ (CITES) പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുന്നുണ്ടോ, എന്നിവയെക്കുറിച്ചുള്ള അന്വേഷണമാണ് സുപ്രിം കോടതിയുടെ ഉത്തരവില്‍ ഉള്‍പ്പെടുന്നത്. സെപ്റ്റംബര്‍ 12 നകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി എസ്ഐടിയോട് ഉത്തരവിട്ടു. തുടര്‍ന്ന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കണോ അതോ ഹരജി തീര്‍പ്പാക്കണോ എന്ന് സെപ്റ്റംബര്‍ 15 ന് ബെഞ്ച് തീരുമാനിക്കും.







Tags: