കേരളത്തിലെ തെരുവ് നായ പ്രശ്‌നം ഗുരുതരം: സുപ്രിംകോടതി

Update: 2022-09-09 11:21 GMT

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവ് നായ പ്രശ്‌നത്തില്‍ ശക്തമായ ഇടപെടലുമായി സുപ്രിംകോടതി. മലയാളി അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്. കേരളത്തില്‍ തെരുവ് നായ പ്രശ്‌നമുണ്ടെന്നത് യഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ഈ മാസം 28ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കി.

പേവിഷ ബാധയ്ക്ക് എതിരായ വാക്‌സീന്‍ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകള്‍ മരണപ്പെടുന്ന സ്ഥിതി അഭിഭാഷകനായ വി കെ ബിജു കോടതിക്ക് മുന്‍പില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്‌നേഹികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രശ്‌നക്കാരായ തെരുവ് നായകളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമമുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടി.

ഇരുവിഭാഗത്തിന്റേയും വാദങ്ങള്‍ വിശദമായി കേട്ട കോടതി പ്രശ്‌നക്കാരായ നായകളേയും അല്ലാത്ത തെരുവ് നായകളേയും രണ്ടായി തിരിച്ച പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ തെരുവ് നായകള്‍ ഗൗരവകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും കോടതി പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയം വിശദമായി പരിശോധിക്കേണ്ടി വരുമെന്നും തെരുവ് നായ പ്രശ്‌നത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കുമെന്നം കൂട്ടിച്ചേര്‍ത്തു. ഈ മാസം 28 ന് ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ കക്ഷികള്‍ അതിന് മുമ്പ് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച കോടതി ഇക്കാര്യത്തില്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോടും റിപ്പോര്‍ട്ട് തേടി.

Tags:    

Similar News