ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് സുപ്രിംകോടതി; കേന്ദ്രത്തിനും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും നോട്ടീസ്

അടച്ചുപൂട്ടിയ ഡയറി ഫാം പ്രവര്‍ത്തിപ്പിക്കാനും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിനും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും നോട്ടീസ് അയക്കുകയും ചെയ്തു.

Update: 2022-05-02 07:35 GMT

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതില്‍ മാംസ ആഹാരം തുടരാന്‍ സുപ്രfം കോടതിയുടെ ഇടക്കാല ഉത്തരവ്.അടച്ചുപൂട്ടിയ ഡയറി ഫാം പ്രവര്‍ത്തിപ്പിക്കാനും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിനും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും നോട്ടീസ് അയക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 2021 ജൂണ്‍ 22ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി.

ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് ആണ് സുപ്രിം കോടതിയെ സമീപിച്ചത്.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ സ്‌റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്. ദ്വീപ് നിവാസികളുടെ താത്പര്യം കണക്കിലെടുക്കാതെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇത്തരം പരിഷ്‌കാരം കൊണ്ടുവന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. 1992 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടിയത്. പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവില്‍നിന്ന് നീക്കിയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Tags: