സംപ്രേഷണ വിലക്കിനെതിരായ മീഡിയ വണ്‍ ഹരജി ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
സംപ്രേഷണ വിലക്കിനെതിരേ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹരജി നാളത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ല.
ന്യൂഡല്‍ഹി: സംപ്രേഷണ വിലക്കിനെതിരേ മീഡിയ വണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹരജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും ചാനലിലെ മറ്റ് മുതിര്‍ന്ന രണ്ട് ജീവനക്കാരും നല്‍കിയ ഹരജിയും ബെഞ്ച് നാളെ പരിഗണിക്കും.
പതിമൂന്നാമത്തെ ഹരജിയായാണ് ബെഞ്ച് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡുമായി ബന്ധപ്പെട്ട് പരിഗണിക്കുന്നത്. അതേസമയം സംപ്രേഷണ വിലക്കിനെതിരേ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹരജി നാളത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ല.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാകും ഹാജരാകുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ആയിരുന്നു. എന്നാല്‍ അമന്‍ അഡീഷണല്‍ സോളിസിറ്റര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ആഴ്ച്ച രാജിവെച്ചതിനാല്‍ മറ്റാരെങ്കിലും ഹാജരാകാനാണ് സാധ്യത.