ആംഫന്‍ ചുഴലിക്കാറ്റ്; അടുത്ത 24 മണിക്കൂറില്‍ അതീതീവ്രമാകാന്‍ സാധ്യത, പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ആംഫന്‍ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഒഡീഷ, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങിലെ തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ബംഗാള്‍, ഒഡീഷ, കൊല്‍ക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മണിക്കൂറില്‍ 150 കി.മി.വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ ഒഡീഷയിലേക്കും ഏഴ് ടീമുകളെ പശ്ചിമ ബംഗാളിലേക്കും അയച്ചു. ഒഡീഷയിലെ വടക്കന്‍ തീരദേശ മേഖലകളിലാണ് ആംഫന്‍ ഏറെ നാശംവിതയ്ക്കുക എന്നാണ് നിഗമനം. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഈ രണ്ട് മേഖലകള്‍ക്കിടയില്‍ത്തന്നെ ആംഫന്‍ ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍,ബോട്ട്,വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും. വൈകുന്നേരത്തോടെ ഉംപന്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി രൂപാന്തരപ്പെടും. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കടല്‍ത്തീരത്ത് നിര്‍ത്തിയിട്ടിരുന്ന 200-ഓളം ബോട്ടുകള്‍ തകര്‍ന്നു. കര്‍ണാടകയുടെ പല മേഖലകളിലും ശക്തമായ മഴയുണ്ട്.
കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. അതേസമയം ആംഫന്‍ ചുഴലിക്കാറ്റ് രാജ്യമൊട്ടാകെ വീശിയടിക്കുന്ന പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് നാല് മണിയോടെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നാണ് സൂചന.
