സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഡല്‍ഹി പോലിസ്

തരൂരും ഭാര്യ സുനന്ദയും തമ്മില്‍ തര്‍ക്കമുണ്ടായെന്നു ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്നയാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടറുടെ വാദം

Update: 2019-08-31 14:44 GMT

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഡല്‍ഹി പോലിസ് കോടതിയില്‍. തരൂരിനെതിരേ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണാ കുറ്റമോ ചുമത്തണമെന്നും പോലിസ് പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാര്‍ മുമ്പാകെ ആവശ്യപ്പെട്ടു. ഐപിസി സെക്്ഷന്‍ 498 എ, 306 എന്നീ വകുപ്പുകളനുസരിച്ച് ഡല്‍ഹി പോലിസ് ചുമത്തിയ കേസില്‍ തരൂരിതരൂര്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഭര്‍ത്താവോ ബന്ധുക്കളോ സ്ത്രീയോട് ക്രൂരത കാണിക്കല്‍, ആത്മഹത്യാ പ്രേരണ, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തണമെന്നാണ് ആവശ്യം. 'കാറ്റി' എന്നു വിശേഷിപ്പിക്കുന്ന പെണ്‍കുട്ടിയുടെയും ചില ബ്ലാക്‌ബെറി സന്ദേശങ്ങളുടെയും പേരില്‍ തരൂരും ഭാര്യ സുനന്ദയും തമ്മില്‍ തര്‍ക്കമുണ്ടായെന്നു ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്നയാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടറുടെ വാദം. കഴിഞ്ഞ ആഴ്ച കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ തരൂരുമായുള്ള തര്‍ക്കം കാരണം സുനന്ദ മാനസികമായി തകര്‍ന്നിരുന്നതായും മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയതായും വ്യക്തമാക്കിയിരുന്നു. തരൂരിന്റെ പീഡനമാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഡല്‍ഹി പോലിസിന്റെ കണ്ടെത്തല്‍. കേസ് വീണ്ടും വാദം കേള്‍ക്കാനായി ഒക്‌ടോബര്‍ 17ലേക്കു മാറ്റി. സുനന്ദ പുഷ്‌കറിനെ 2014 ജനുവരി 17നു രാത്രിയാണ് ഡല്‍ഹി ചാണക്യപുരിയിലുള്ള ലീല ഹോട്ടലിലെ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Tags:    

Similar News