കോട്ടയത്ത് നാലു പേര്‍ക്ക് സൂര്യാഘാതം; ഹോട്ടല്‍ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടര്‍ന്ന്

Update: 2019-03-26 10:55 GMT

കോട്ടയം: കോട്ടയത്ത് നാലുപേര്‍ക്ക് സൂര്യാഘാതമേറ്റു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു.കോട്ടയം മുട്ടമ്പലം സ്വദേശി ശേഖര്‍, പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമുള്ളൂര്‍ സ്വദേശി സജി, ഉദയനാപുരം സ്വദേശി അരുണ്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.തിരഞ്ഞെടുപ്പു പ്രചരണത്തിനിടെയാണ് അരുണിന് സൂര്യാഘാതം ഏറ്റത്. ഉദയനാപുരം നാനാടത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയിലാണ് സംഭവം. ബൂത്ത് പ്രസിഡന്റാണ് അരുണ്‍. മുഖത്തിന്റെ വലതുഭാഗത്താണ് പൊള്ളലേറ്റത്. ഇയാളെ ഉടന്‍ പ്രവര്‍ത്തകര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ, പത്തനംതിട്ട കോഴഞ്ചേരിയില്‍ കഴിഞ്ഞദിവസം കുഴഞ്ഞുവീണ് ഹോട്ടല്‍ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Similar News