സ്‌കൂളുകളുടെ മധ്യവേനലവധി ഇനിമുതല്‍ ഏപ്രില്‍ 6ന്; ജൂണ്‍ ഒന്നിനു തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി

Update: 2023-06-01 08:24 GMT

തിരുവനന്തപുരം: സ്‌കൂളുകളിലെ മധ്യവേനലവധി ഇനിമുതല്‍ ഏപ്രില്‍ ആറിനായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഏപ്രില്‍ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിനുവേണ്ടി കിട്ടാനാണ് അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയത്. എന്നാല്‍, ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കും. ക്ലാസ് മുറിയില്‍ ആധുനിക സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളില്‍ പഠന പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. കുട്ടികള്‍ ഓരോ പ്രായത്തിലും നേടണമെന്ന് പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ നേടിയെന്ന് ഉറപ്പാക്കാന്‍ കഴിയണം. അധ്യാപക സമൂഹം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരുടെ കുറവുണ്ടെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പ്ലാന്‍ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവില്‍ 1300ഓളം സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കാനായി. 8 മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ സാങ്കേതികവിദ്യാ സൗഹൃദമാക്കി. മുഴുവന്‍ െ്രെപമറി, അപ്പര്‍ െ്രെപമറി സ്‌കൂളുകളിലും കംപ്യൂട്ടര്‍ ലാബ് ഒരുക്കിയെന്നും മന്ത്രി പറഞ്ഞു.

Tags: