ആരോഗ്യമന്ത്രിയെ പുറത്താക്കണം; പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ശിരോമണി അകാലിദളിന്റെ കൂറ്റന്‍ പ്രതിഷേധ റാലി

Update: 2021-06-15 09:33 GMT

ഛണ്ഡീഗഢ്: സംസ്ഥാന ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ കൂറ്റന്‍ പ്രതിഷേധറാലി. കൊവിഡ് വാക്‌സിന്‍ വിതരണത്തിലും മെഡിക്കല്‍ കിറ്റുകള്‍ വാങ്ങുന്നതിലുമുണ്ടായ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വീടിന് പുറത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സങ് ബാദലിനെ പഞ്ചാബ് പോലിസ് കസ്റ്റഡിയിലെടുത്തു.

വീടിന് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അകാലിദളിന്റെ പുതിയ സഖ്യകക്ഷിയായ ബിഎസ്പിയുടെ സംസ്ഥാന അധ്യക്ഷന്‍ ജസ്ബിര്‍ സിങ് ഗര്‍ഹിയും പ്രതിഷേധത്തില്‍ പങ്കാളിയായി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്‍ട്ടികളും ദിവസങ്ങള്‍ക്ക് മുമ്പാണ് സഖ്യമുണ്ടാക്കിയത്. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പാര്‍ട്ടി പതാകകള്‍ വഹിച്ച് അണിനിരന്നു. പ്രകടനക്കാര്‍ക്കുനേരേ പോലിസ് ജലപീരങ്കികളും പ്രയോഗിച്ചു.

'ഒരു കൊടുങ്കാറ്റ് ഉയര്‍ന്നുകഴിഞ്ഞാല്‍ ക്യാപ്റ്റന്‍ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചാലും അതിനെ തടഞ്ഞുനിര്‍ത്താനാവില്ല. വാക്‌സിനേഷനില്‍ അഴിമതി, മെഡിക്കല്‍ കിറ്റില്‍ അഴിമതി, പട്ടികജാതി സ്‌കോളര്‍ഷിപ്പില്‍ അഴിമതി, കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നു' കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പായി സുഖ്ബീര്‍ സിങ് ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് അമരീന്ദര്‍ സിങ് സര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Similar News