സൂഫി ഇസ് ലാമിക് ബോര്‍ഡ് ആര്‍എസ്എസ് പിന്തുണയുള്ള സംഘടനയെന്ന് അജ്മീര്‍ ഷെരീഫ് ദര്‍ഗാ ഖാദിം

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയാന്‍ അവര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു

Update: 2021-01-27 13:05 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അനുകൂല സമീപനങ്ങള്‍ തുടരുന്ന സൂഫി ഇസ് ലാമിക് ബോര്‍ഡ് ആര്‍എസ്എസ് പിന്തുണയുള്ള സംഘടനയാണെന്നു അജ്മീര്‍ ഷെരീഫ് ദര്‍ഗയിലെ ഖാദിം സയ്യിദ് സര്‍വര്‍ ചിശ്തി പറഞ്ഞു. മുസ് ലിം മിററിനു നല്‍കിയ പുതിയ അഭിമുഖത്തിലാണ് ചിഷ്തിയുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യെ നിരോധിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടതിനെ 'പിമ്പ്' എന്ന് വിളിച്ചതിനു ശേഷം സൂഫി ഇസ് ലാമിക് ബോര്‍ഡ് ജനുവരി 23ന് ചിശ്തിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ടൗണിവെ ജൂഹി പോലിസ് സ്‌റ്റേഷനിലാണ് ഐപിസി സെക്ഷന്‍ 153 (എ), ഐടി നിയമത്തിലെ സെക്ഷന്‍ 66 എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

    തന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സൂഫി ഇസ് ലാമിക് ബോര്‍ഡ് 2020 ഡിസംബര്‍ ഒന്നിനു ചിശതിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, നോട്ടീസ് സംബന്ധിച്ച് പ്രതികരിക്കാന്‍ ഖാദിം വിസമ്മതിച്ചു. മാപ്പ് പറയുമോ എന്ന ചോദ്യത്തോട് ചിശ്തി പരിഹാസത്തോടെയാണ് മറുപടി പറഞ്ഞത്. 'ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്...(പരിശുദ്ധനായ അല്ലാഹുവല്ലാതെ മറ്റൊരു ശക്തിയുമില്ല. ആരെങ്കിലും ആര്‍എസ്എസിനോട് മാപ്പ് ചോദിക്കുമോ?' എന്നായിരുന്നു മറുപടി. 'പോപ്പുലര്‍ ഫ്രണ്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നും സംഘടന നിരോധിക്കണമോയെന്നും അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. പിഎഫ്‌ഐ നിരോധിക്കണം എന്ന് പറയാന്‍ അവര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. പോപുലര്‍ ഫ്രണ്ട് നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടില്ലെന്നും അജ്മീര്‍ ഷെരീഫ് ദര്‍ഗാ ഖാദിം സയ്യിദ് സര്‍വര്‍ ചിശ്തി പറഞ്ഞു.

Sufi Islamic Board is an RSS-backed organisation: Ajmer Sharif Dargah Khadim

Tags: