സുദാനില്‍ സൈന്യം ഭരണമേറ്റെടുത്തു; പ്രസിഡന്റ് ഉമറുല്‍ ബഷീര്‍ അറസ്റ്റില്‍

പ്രസിഡന്റ് ഉമറുല്‍ ബഷീറിനെ അറസ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി സുപ്രിം സെക്യൂരിറ്റി കമ്മിറ്റി മേധാവി ജനറല്‍ അവദ് ബിന്‍ ഔഫ് പറഞ്ഞു.

Update: 2019-04-12 02:48 GMT

ഖാര്‍ത്തൂം: പ്രസിഡന്റ് ഉമറുല്‍ ബഷീറിനെതിരായ മാസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ സുദാന്റെ ഭരണം സൈന്യം ഏറ്റെടുത്തു. പ്രസിഡന്റ് ഉമറുല്‍ ബഷീറിനെ അറസ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായി സുപ്രിം സെക്യൂരിറ്റി കമ്മിറ്റി മേധാവി ജനറല്‍ അവദ് ബിന്‍ ഔഫ് പറഞ്ഞു. സായുധ സേന, പോലിസ്, മറ്റു സുരക്ഷാ സേനകള്‍ എന്നിവയുടെ സംയുക്ത സമിതിയാണ് സുപ്രിം സെക്യൂരിറ്റി കമ്മിറ്റി. രണ്ട് വര്‍ഷത്തേക്ക് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഭരണം നടത്തുമെന്ന് വ്യാഴാഴ്ച്ച ബിന്‍ ഔഫ് പ്രഖ്യാപിച്ചു.

ഈ സമയത്ത് സായുധ സേനയായിരിക്കും രാജ്യത്തിന്റെ ഭരണം കൈകാര്യം ചെയ്യുകയെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നും രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ ബിന്‍ ഔഫ് പറഞ്ഞു.

പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടന റദ്ദാക്കുകയും ചെയ്ത സൈന്യം മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുദാന്റെ വ്യോമാതിര്‍ത്തി 24 മണിക്കൂര്‍ നേരത്തേക്കും കര അതിര്‍ത്തികള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയും അടച്ചു. ഒരു മാസത്തെ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



അതേ സമയം, സൈനിക അട്ടിമറി പ്രക്ഷോഭകര്‍ തള്ളിക്കളഞ്ഞു. സൈനിക അട്ടിമറിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാനും വിപ്ലവത്തിന് കാവലൊരുക്കാനും ജനാധിപത്യ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. സുദാനീസ് പ്രൊഫഷനല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ കര്‍ഫ്യൂ അവഗണിച്ച് തെരുവിലിറങ്ങി. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൈനിക ആസ്ഥാനത്തിന് മുന്നില്‍ മുഴുദിവസ ധര്‍ണ നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം. സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം.

ഉമറുല്‍ ബഷീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി ആറ് ദിവസം സുദാന്‍ സൈനിക ആസ്ഥാനത്തിന് മുന്നില്‍ പ്രക്ഷോഭകര്‍ ധര്‍ണ നടത്തിയിരുന്നു. 30 വര്‍ഷമായി തുടരുന്ന ബഷീറിന്റെ ഏകാധിപത്യം അവസാനിപ്പിച്ച് ഇടക്കാല സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സൈന്യം സഹായിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഭരണകൂടത്തിന് വേണ്ടിയുള്ള അട്ടിമറിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.

ഭക്ഷ്യവസ്തുക്കള്‍ക്ക് വലിയ തോതില്‍ വിലവര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് സുദാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. അതു ബഷീറിനെ പുറത്താക്കണമെന്ന രീതിയിലേക്ക് വളരുകയായിരുന്നു. 1989ല്‍ അട്ടിമറിയിലൂടെയാണ് ഉമറുല്‍ ബഷീര്‍ സുദാന്റെ അധികാരമേറ്റെടുത്തത്. സുദാന്‍ മുന്‍ ഭരണത്തലന്‍ ജാഫര്‍ നിമിരിയെ പുറത്താക്കിയതിന്റെ 34ാം വാര്‍ഷിക വേളയായി ഏപ്രില്‍ 6ന് പ്രക്ഷോഭം ശക്തിപ്രാപിക്കുകയായിരുന്നു. വെടിവയ്പ്പും കണ്ണീര്‍ വാതക പ്രയോഗവും ഉള്‍പ്പെടെ നടത്തി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിന്മാറിയില്ല. ഒടുവിലാണ് ഉമറുല്‍ ബഷീറിന്റെ പതനം. 

Tags: