ജനരോഷം; സുദാന്‍ സൈനിക സമിതി തലവന്‍ സ്ഥാനമൊഴിഞ്ഞു

ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. സുദാന്റെ ഇടക്കാല ഭരണം സിവിലിയന്‍ സര്‍ക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ജനങ്ങള്‍ തലസ്ഥാനത്ത് പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

Update: 2019-04-13 02:10 GMT

ഖാര്‍ത്തൂം: ഉമറുല്‍ ബഷീറിന് പിന്നാലെ സുദാന്റെ ഭരണം ഏറ്റെടുത്ത സൈനിക സമിതി തലവന്‍ ജനറല്‍ അവദ് ബിന്‍ ഔഫ് രാജിവച്ചു. ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. സുദാന്റെ ഇടക്കാല ഭരണം സിവിലിയന്‍ സര്‍ക്കാരിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ജനങ്ങള്‍ തലസ്ഥാനത്ത് പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. മാസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് പ്രസിഡന്റ് ഉമറുല്‍ ബഷീറിനെ നീക്കം ചെയ്ത്് സൈന്യം കഴിഞ്ഞ ദിവസം സുദാന്റെ അധികാരമേറ്റെടുത്തത്. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും സിവിലിയന്‍ സര്‍ക്കാരിന് അധികാരം കൈമാറണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധം തുടരുകയായിരുന്നു.

രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി താന്‍ സ്ഥാനമൊഴിയുകയാണ്. നിങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് വേഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ബുര്‍ഹാന് കപ്പല്‍ സുരക്ഷിതമായി കരയ്ക്കടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈന്യത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ സ്ഥാനമൊഴിയുന്നത്-രാജി പ്രഖ്യാപനത്തില്‍ ബിന്‍ ഔഫ് പറഞ്ഞു.

പ്രഖ്യാപനത്തെ ഖാര്‍ത്തൂം തെരുവില്‍ ജനങ്ങള്‍ വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ഉമറുല്‍ ബഷീറിനെ നാല് മാസം കൊണ്ടാണ് താഴെയിറക്കിയതെങ്കില്‍ പിന്നീട് ഭരണമേറ്റെടുത്ത സൈനിക സമിതി മേധാവിയെ രണ്ട് ദിവസം കൊണ്ട് താഴെയിറക്കിയെന്ന് പ്രക്ഷോഭകര്‍ അവകാശപ്പെട്ടു.

ഉമറുല്‍ ബഷീറിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയും കരസേനാ മേധാവിയായും ഫെബ്രുവരിയില്‍ നിയമിതനായ ബുര്‍ഹാന് രാജ്യത്ത് ക്ലീന്‍ ഇമേജാണുള്ളത്. 2003-2008 കാലത്ത് പടിഞ്ഞാറന്‍ സുദാനിലെ ദര്‍ഫുര്‍ മേഖലയില്‍ നടന്ന യുദ്ധത്തില്‍ യുദ്ധക്കുറ്റം ആരോപിക്കപ്പെട്ടവരാണ് ഉമറുല്‍ ബഷീററും പിന്‍ഗാമിയായ വന്ന ബിന്‍ഔഫും. സൈനിക ആസ്ഥാനത്തിന് മുന്നില്‍ ജനങ്ങള്‍ ആഴ്ച്ചകള്‍ നീണ്ട പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ അവരുമായി നേര്‍ക്കുനേരെ ചര്‍ച്ചയ്ക്ക് തയ്യാറായതും ബുര്‍ഹാന്‍ ആയിരുന്നു.

ബുര്‍ഹാന്‍ ഇന്ന് പ്രക്ഷോഭകരെ അഭിസംബോധന ചെയ്യും. എന്തൊക്കെയാണ് അദ്ദേഹത്തിന്റെ പദ്ധതികള്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രക്ഷോഭകര്‍ എന്നും സമരം തുടരണോ അതോ ഇടക്കാല ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ബുര്‍ഹാനെ അനുവദിക്കണോ എന്നും അതിന് ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യവസ്തുക്കള്‍ക്ക് വലിയ തോതില്‍ വിലവര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് സുദാനില്‍ പ്രക്ഷോഭം ആരംഭിച്ചത്. അതു ബഷീറിനെ പുറത്താക്കണമെന്ന രീതിയിലേക്ക് വളരുകയായിരുന്നു. 1989ല്‍ അട്ടിമറിയിലൂടെയാണ് ഉമറുല്‍ ബഷീര്‍ സുദാന്റെ അധികാരമേറ്റെടുത്തത്. സുദാന്‍ മുന്‍ ഭരണത്തലന്‍ ജാഫര്‍ നിമിരിയെ പുറത്താക്കിയതിന്റെ 34ാം വാര്‍ഷിക വേളയായ ഏപ്രില്‍ 6ന് പ്രക്ഷോഭം ശക്തിപ്രാപിക്കുകയായിരുന്നു. വെടിവയ്പ്പും കണ്ണീര്‍ വാതക പ്രയോഗവും ഉള്‍പ്പെടെ നടത്തി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിന്മാറിയില്ല. ഒടുവിലാണ് ഉമറുല്‍ ബഷീറിന്റെ പതനം. 

Tags: