അട്ടിമറി: സുഡാന്‍ പ്രധാനമന്ത്രിയെ സൈന്യം മോചിപ്പിച്ചു

അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിന് ശേഷം തടങ്കലിലാക്കിയ പ്രധാനമന്ത്രിയെ ഒരു ദിവസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങാന്‍ സൈന്യം അനുവദിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

Update: 2021-10-27 10:04 GMT

ഖാര്‍തൂം: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിനെ സൈന്യം വിട്ടയച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിന് ശേഷം തടങ്കലിലാക്കിയ പ്രധാനമന്ത്രിയെ ഒരു ദിവസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങാന്‍ സൈന്യം അനുവദിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ ഭരണ അട്ടിമറിക്കെതിരേ അന്താരാഷ്ട്ര വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹംദോകിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വിട്ടയച്ചത്. രാജ്യത്തിനുള്ള സഹായം നിര്‍ത്തിവെക്കുമെന്ന് യുഎസും, യൂറോപ്യന്‍ യൂനിയനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹംദോകിനെ അടിയന്തരമായി വിട്ടയക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷും ആവശ്യപ്പെട്ടിരുന്നു.

സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമിലെ വീട്ടില്‍ കനത്ത പോലിസ് നിരീക്ഷണത്തിലാണ് ഹംദോകും ഭാര്യയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.



Tags: