വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം: അഡ്വ. സാദിഖ് നടുത്തൊടി

വഴിക്കടവ്: വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി ആവശ്യപ്പെട്ടു. മരണപ്പെട്ട അനന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്നികളെ പിടിക്കാന്‍ വച്ച കെണിയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റത്. സമാനമായ സംഭവങ്ങള്‍ മുമ്പും പ്രദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ കൃത്യമായ നടപടികള്‍ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. ഇലക്ട്രിക് ലൈനില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി എടുത്താണ് ഈ കെണിയുണ്ടാക്കിയിരിക്കുന്നത്. ഇത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതില്‍ കെഎസ്ഇബിയും വനംവകുപ്പും പരാജയപ്പെട്ടു.
വന്യജീവികള്‍ കാട് വിട്ടിറങ്ങി നാട്ടിലേക്ക് വരുന്നത് തടയുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. മരണപ്പെട്ട വിദ്യാര്‍ഥിയുടെയും പരിക്കേറ്റ വിദ്യാര്‍ഥികളുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും പ്രദേശത്ത് കെഎസ്ഇബിയുടെയും വനം വകുപ്പിന്റെയും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.