ആശുപത്രിയില്‍ വൈദ്യുതി നിലച്ചു; മൊബൈല്‍ വെളിച്ചത്തില്‍ വന്ധ്യംകരണം നടത്തി

അതേസമയം, ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ജന്‍ നരേന്ദ്ര സിങ് ആരോപണം നിഷേധിച്ചു

Update: 2019-11-30 18:33 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. സത്‌നയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് 35 ഓളം സ്ത്രീകളെ വന്ധ്യംകരണം നടത്തിയത്. വൈദ്യുതിയോ ബാക്കപ്പ് ജനറേറ്ററോ പ്രവര്‍ത്തിക്കാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് അധികൃതരുടെ വാദം. ഇത്തരത്തില്‍ വന്ധ്യംകരണത്തിനു വിധേയമാക്കിയ സ്ത്രീകളെ ഓപറേഷന്‍ തിയേറ്ററില്‍ നിന്ന് മാറ്റി ഇടനാഴിയില്‍ നിലത്ത് കിടത്തുകയും ചെയ്തു. സ്‌ട്രെച്ചറുകളോ പുതപ്പുകളോ ഇല്ലെന്നു മാത്രമല്ല, ശസ്ത്രക്രിയാനന്തര പരിചരണം നല്‍കാന്‍ പരിചാരകര്‍ പോലുമുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. 12 മണിക്ക് ശസ്ത്രക്രിയ തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും വൈകീട്ട് 5നു ശേഷമാണ് ശസ്ത്രക്രിയാവിദഗ്ധന്‍ വൈദ്യുതിയില്ലാഞ്ഞിട്ടും നടപടിക്രമങ്ങള്‍ തുടങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം, ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ജന്‍ നരേന്ദ്ര സിങ് ആരോപണം നിഷേധിച്ചു. ശസ്ത്രക്രിയ ആരംഭിക്കുമ്പോള്‍ ഓപറേഷന്‍ തിയേറ്ററില്‍ വൈദ്യുതി ഉണ്ടായിരുന്നുവെന്നും പൊടുന്നനെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് വെളിച്ചം തെളിയിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷന്‍ തിയേറ്ററില്‍ നിന്ന് പുറത്തുവന്നപ്പോള്‍ അവര്‍ക്ക് രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ തുന്നല്‍ നല്‍കേണ്ടിവന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

    ശസ്ത്രക്രിയാ വിദഗ്ധനുമായി സംസാരിച്ചതായി ജില്ലാ ആരോഗ്യ ഓഫിസര്‍ അശോക് അവധിയ പറഞ്ഞു. സര്‍ജനുമായും ഡോക്ടര്‍മാരുമായും സംസാരിച്ചെന്നും അഞ്ചോ ഏഴോ മിനിറ്റാണ് വൈദ്യുതി നിലച്ചതെന്നുമാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്താണ് അവര്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ചത്. എന്നാലും ശസ്ത്രക്രിയയ്ക്കുശേഷം ബെഡ്ഷീറ്റും പുതപ്പും കിടക്കയും നല്‍കാത്തതിനു വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ 41ഓളം സ്ത്രീകളെ വിദിശയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തറയില്‍ ഉറങ്ങാന്‍ നിര്‍ബന്ധിച്ചു. ഫെബ്രുവരിയിലെത്തിയവര്‍ക്ക് ആശുപത്രിയുടെ തറയില്‍ കിടക്കേണ്ടി വന്നിരുന്നു.




Tags:    

Similar News