തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തു

പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിനും പിഎംകെ സ്ഥാപകന്‍ എസ് രാമദോസും പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു

Update: 2020-01-24 17:38 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ ചെംഗല്‍പേട്ടില്‍ ഇ വി രാമസാമി പെരിയാറിന്റെ പ്രതിമയ്ക്കു നേരെ അതിക്രമം. വെള്ളിയാഴ്ച രാവിലെയാണ് സലവാക്കത്തിലെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തെ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ ശക്തമായി അപലപിച്ചു. കഴിഞ്ഞയാഴ്ച നടന്ന പരിപാടിയില്‍ ചലച്ചിത്ര താരം രജനീകാന്ത് ദ്രാവിഡരെകുറിച്ചും പെരിയാറെ കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെയാണ് പ്രതിമ ആക്രമണമെന്നതും ശ്രദ്ധേയമാണ്. ജനുവരി 14 ന് തമിഴ് മാസികയായ 'തുഗ്ലക്ക്' സംഘടിപ്പിച്ച പരിപാടിയിലാണ് രജനീകാന്തിന്റെ വിവാദ പരാമര്‍ശം. '1971 ല്‍ സേലത്ത് പെരിയാര്‍ അന്ധവിശ്വാസ വിരുദ്ധ റാലി നടത്തിയെന്നും അതില്‍ ശ്രീരാമചന്ദ്രമൂര്‍ത്തിയുടെയും സീതയുടെയും നഗ്‌നചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് രജനീകാന്ത് പറഞ്ഞത്. ഇത് പെരിയാര്‍ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനു കാരണമാക്കിയിരുന്നു.

    രജനീകാന്തിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയിരുന്നു. രജനീകാന്തിനെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡര്‍ വിതുതലൈ കഴകം സെക്രട്ടറി സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് പി രാജമാണിക്യം തള്ളിയത്. പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിനും പിഎംകെ സ്ഥാപകന്‍ എസ് രാമദോസും പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.




Tags:    

Similar News