ചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും

Update: 2023-10-04 10:13 GMT

ന്യൂഡല്‍ഹി: ചൈനീസ് സഹായം സ്വീകരിച്ചെന്ന ഡല്‍ഹി പോലിസിന്റെ ആരോപണം തള്ളി ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്ക്. നിയമാനുസൃതമല്ലാത്ത ഒരു സാമ്പത്തിക സഹായവും സ്ഥാപനം സ്വീകരിച്ചിട്ടില്ലെന്നും ചൈനീസ് പ്രചാരണം തങ്ങളുടെ സൈറ്റിലൂടെ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടില്ലെന്നും പ്രസ്താവനയില്‍ അറിയിച്ചു. നേരിട്ടോ അല്ലാതെയോ ചൈനയുടെ ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടില്ല. ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കിങ് ഇടപാടുകള്‍ മാത്രമാണ് സ്ഥാപനത്തിനുള്ളത്. ഇതുവരെ നല്‍കിയ എല്ലാ വാര്‍ത്തയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ചൈനീസ് പ്രചാരണം ആരോപിക്കാവുന്ന ഒരു വാര്‍ത്തയോ വീഡിയോയോ ഡല്‍ഹി പോലിസിന് ചൂണ്ടിക്കാട്ടാനാവില്ല. കര്‍ഷക സമരം, ഡല്‍ഹി കലാപം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് പോലിസിന് ചോദിക്കാനുള്ളത്. നിയമസംവിധാനത്തില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമെന്നും കുറിപ്പില്‍ അറിയിച്ചു. ഇതുവരെ എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ല. തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളുടെ കൃത്യമായ വിശദാംശങ്ങളെക്കുറിച്ചും അറിയിച്ചിട്ടില്ല. പിടിച്ചെടുക്കല്‍ മെമ്മോകള്‍, പിടിച്ചെടുത്ത ഡാറ്റയുടെ ഹാഷ് മൂല്യങ്ങള്‍, അല്ലെങ്കില്‍ ഡാറ്റയുടെ പകര്‍പ്പുകള്‍ എന്നിവ പോലുള്ള ഒരു നടപടിക്രമവും പാലിക്കാതെ, ന്യൂസ്‌ക്ലിക്ക് പരിസരത്ത് നിന്നും ജീവനക്കാരുടെ വീടുകളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. ചൈനീസ് പ്രചരണം നടത്തിയതിനാണ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ചുമത്തിയത് എന്നാണ് പറയുന്നത്. വിമര്‍ശനങ്ങളെ രാജ്യദ്രോഹമോ 'ദേശവിരുദ്ധ' പ്രചരണമോ ആയി കണക്കാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളെ ശക്തമായി അപലപിക്കുന്നതായും ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദീകരണത്തില്‍ വ്യക്തമാക്കി.

Tags:    

Similar News