പൗരത്വസംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരേ ഭരണകൂട വേട്ട: എസ് ഡിപിഐ സമരകാഹളം നാളെ

Update: 2020-05-06 18:15 GMT

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ മറവില്‍ പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ഭീകര നിയമം ചുമത്തി തടവിലാക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരേ എസ് ഡിപിഐ സംസ്ഥാന വ്യാപകമായി നാളെ സമരകാഹളം എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അറിയിച്ചു. ഏഴിന് വൈകീട്ട് 4.30ന് ബ്രാഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 'ജയിലുകള്‍ നിറച്ചാലും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല, ലോക്ക്ഡൗണിന്റെ മറവില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരെ കള്ളക്കേസേടുത്ത് ജയിലിലടക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ത്തുക' എന്ന പ്രമേയത്തിലാണ് സമരകാഹളം സംഘടിപ്പിക്കുന്നത്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ വൈറസ് ബാധിക്കില്ല.

    ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാരിന്റെ വംശീയമായ വിദ്വേഷ പ്രചാരണങ്ങളും അടിച്ചമര്‍ത്തലുകളും ലോക രാജ്യങ്ങളുടെ മുന്നില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ പോലും ഡല്‍ഹി പോലിസിനെ കയറൂരി വിട്ട് പൗരാവകാശ പ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും ഭീകരനിയമം ചുമത്തി തടവിലാക്കുകയാണ്. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. റെഡ് സോണില്‍ പൊതുനിരത്തുകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാവാത്തതിനാല്‍ അവരവരുടെ വീടുകളിലിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.


Tags: