വിദ്യാഭ്യാസനയ ഭേദഗതി ജനങ്ങളെ ഭിന്നിപ്പിക്കാന്‍; പിന്മാറണമെന്ന് സീകോണ്‍

മതഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുംവിധമുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് സമ്മേളനം വിലയിരുത്തി.

Update: 2019-10-08 13:53 GMT

കോഴിക്കോട്: രാജ്യത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയും ഫെഡറല്‍ സംവിധാനവും തകര്‍ക്കും വിധമുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയഭേദഗതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെഎന്‍എം (മര്‍ക്കസുദ്ദഅവ) സംസ്ഥാന സമിതിയുടെ പഠന ഗവേഷണ വിഭാഗമായ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ക്വാളിറ്റി സംഘടിപ്പിച്ച സ്‌റ്റേറ്റ് എജ്യുക്കേറ്റേഴ്‌സ് എംപവര്‍മെന്റ് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. മതഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുംവിധമുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് സമ്മേളനം വിലയിരുത്തി.

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തോട് നീതി പുലര്‍ത്തുന്ന ബഹുസ്വര സമീപനവും വൈജ്ഞാനിക അച്ചടക്കവും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. രാജ്യത്തിന്റെ വളര്‍ച്ചതന്നെ മുരടിപ്പിക്കുന്ന വിദ്യാഭ്യാസ നയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ലോകത്തിനുതന്നെ മാതൃകയാകുംവിധം പ്രാഥമിക വിദ്യാഭ്യാസം സജ്ജീകരിച്ച രാഷ്ട്രമെന്ന പദവി നഷ്ടപ്പെടുത്തുന്നതാവരുത് പുതിയ വിദ്യാഭ്യാസനയം.

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമാനമായ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധ്യമായിട്ടില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവു നേടിയെടുക്കാനുള്ള കര്‍മപദ്ധതി നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 3000ലേറെ അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ക്വാളിറ്റി ചെയര്‍മാന്‍ ഡോ. കെ. അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. കോല്‍ക്കത്ത അല്‍ ജബര്‍ അക്കാഡമി സ്ഥാപകന്‍ പ്രൊഫ. ഡോ. റബീഉല്‍ ഇസ്‌ലാം, പ്രൊഫ. കെ.ഇ.എന്‍ കുഞ്ഞമ്മദ്, സി.പി ഉമര്‍ സുല്ലമി, അഡ്വ. ടി. സിദ്ദിഖ്, കമാല്‍ വരദൂര്‍, ഡോ. ഫുഖാറലി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസം എങ്ങനെ പുനരാവിഷ്‌കരിക്കാം എന്ന ചര്‍ച്ചയില്‍ ഡോ.കെ. ജമാലുദ്ദീന്‍ ഫാറൂഖി, ഇ.കെ സുരേഷ് കുമാര്‍, സി.എ സഈദ് ഫാറൂഖി, ഡോ. ഉമര്‍ തസ്‌നീം, ഫാതിമ തഹ്‌ലിയ, ഡോ. ആബിദ ഫാറൂഖി തുടങ്ങിയവര്‍ പങ്കെടുത്തു.

അധ്യാപനത്തിന്റെ കര്‍മോത്സുകത എന്ന പരിശീലന സെഷനില്‍ ഡോ. ഫാറൂഖ് സന്‍സായി ക്ലാസ് നയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച പാനല്‍ ചര്‍ച്ച പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ പള്ളിത്തൊടിക, പ്രൊഫ. ഇസ്മായില്‍ കരിയാട് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. വിദ്യാഭ്യാസം വരുംനൂറ്റാണ്ടില്‍ പ്രൊഫ. എം. ഹാറൂന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഫൈസല്‍ ഹുദവി, കെ.എ മുനീര്‍, സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. അബ്ദുറഹിമാന്‍ ആദ്യശേരി, പി. സഫറുല്ല അരീക്കോട്, ഖദീജ നര്‍ഗീസ്, പി.വി കുഞ്ഞിക്കോയ മാസ്റ്റര്‍, എം. മുഹമ്മദ് വനയാട് സംസാരിച്ചു.

രക്ഷിതാവിന്റെ മുന്നില്‍ കുട്ടിയെ കുറ്റം പറയുന്നവരല്ല മികച്ച അധ്യാപകര്‍: കാലിക്കറ്റ് വിസി

കോഴിക്കോട്: സ്വന്തം മക്കളെക്കാള്‍ പ്രാധാന്യം മുന്നിലിരിക്കുന്ന കുട്ടികള്‍ക്കു നല്‍കുമ്പോഴാണ് ഒരാള്‍ മികച്ച അധ്യാപകനാകുന്നതെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. കുട്ടികളെ ബഹുമാനിക്കാന്‍ അധ്യാപകര്‍ ശീലിക്കണം. കുട്ടികളോടുള്ള ബഹുമാനം നഷ്ടപ്പെടുമ്പോള്‍ അധ്യാപകന്‍ മരിക്കുന്നു. ഒരു രക്ഷിതാവു കയറി വന്നാല്‍ അധ്യാപകര്‍ കൂട്ടംചേര്‍ന്ന് അദ്ദേഹത്തിന്റെ കുട്ടിയെ കുറ്റം പറയുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് കുട്ടിയിലും രക്ഷിതാവിലും അധ്യാപകരിലുള്ള മതിപ്പു കുറയ്ക്കുന്നു. ക്യാംപസുകളില്‍ ദേശീയ സ്ഥാപനങ്ങള്‍ക്കു സമാനമായ മികച്ച വിദ്യാഭ്യാസ പരിസരം സൃഷ്ടിക്കാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ക്വാളിറ്റി ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപക വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സലര്‍.

അധ്യാപനം ഒരു ജോലിയല്ല, ഒരു വികാരമാണ്. വിശാലമായ കാഴ്ചപ്പാടോടെ ചെയ്യേണ്ട ദൗത്യം. പണം സമ്പാദിക്കാനാണ് വിദ്യാഭ്യാസം എന്നൊരു ധാരണ നമ്മുടെ നാട്ടില്‍ പൊതുവായി രൂപപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കള്‍ കുട്ടിയോടു പറയുന്നത്, നീ ഇവിടെ ഒന്നും തരണ്ട, നിനക്കു വേണമെങ്കില്‍ പഠിച്ചോളൂ എന്നാണ്. അധ്യാപകര്‍ കുട്ടികളോടു പറയുന്നതും നിങ്ങള്‍ക്കു വേണമെങ്കില്‍ പഠിച്ചു നല്ല ശമ്പളമുള്ള ജോലി നേടിക്കോളൂ എന്നാണ്. ഇത് വിദ്യാര്‍ഥികളില്‍ അവര്‍ പഠിക്കേണ്ടത് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടിയാണെന്ന ബോധം സൃഷ്ടിക്കുന്നു. യഥാര്‍ഥത്തില്‍ മുന്നിലിരിക്കുന്ന കുട്ടി ആരാവണമെന്ന ശരിയായ ബോധ്യം ഉണ്ടായിരിക്കേണ്ട് അധ്യാപകര്‍ക്കാണ്. ജോലി സമയം കഴിഞ്ഞാലും അവര്‍ അന്നത്തെ കാര്യങ്ങള്‍ അവലോകനം ചെയ്യണം. അടുത്ത ദിവസത്തേയ്ക്ക് ഒരുങ്ങണം. അപ്പോള്‍ സൈഡ് ബിസിനസുകള്‍ ഉപേക്ഷിക്കേണ്ടി വരും. തന്നെക്കൊണ്ട് ഒരു കുട്ടി പഠിച്ചു വലിയ നിലയില്‍ എത്തുന്നതിനെക്കാള്‍ നേട്ടം മറ്റൊന്നില്ല എന്ന ബോധമാണ് ഇത്തരം സാഹചര്യങ്ങളില്‍ അധ്യാപകരെ നയിക്കേണ്ടതെന്നും കെ. മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ രീതികള്‍ പൊളിച്ചെഴുതുക: ഡോ. റബീഉല്‍ ഇസ്‌ലാം

കോഴിക്കോട്: കേവലം എഴുത്തും വായനയും കണക്കുകൂട്ടലുമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ധാരണ പൊളിച്ചെഴുതി ഒരു മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് ഉതകുന്നതാകണം വിദ്യാഭ്യാസമെന്ന് കോല്‍ക്ക സേവ്യര്‍ കോളെജ് പ്രൊഫസറും അല്‍ ജബ്ബാര്‍ അക്കാഡമി സ്ഥാപകനുമായ പ്രൊഫ. ഡോ. റബീഉല്‍ ഇസ്‌ലാം. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ വേണമെന്നില്ല. കേവലം അര ലക്ഷം പേരായിരുന്നു ഗ്രീക്ക് നാഗരികതയുടെ സ്രഷ്ടാക്കള്‍. യഥാര്‍ഥത്തില്‍ യൂറോപ്പ് നാഗരികത പ്രാപിച്ചതു പോലും ഗ്രീസില്‍നിന്നു കടം കൊണ്ടാണ്. വിദ്യാര്‍ഥികളുടെ മനസ് ഭയരഹിതമാക്കി മികച്ചൊരു വിദ്യാഭ്യാസ പരിസരം സൃഷ്ടിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാഗോര്‍ ഹാളില്‍ സീകോണ്‍ സംസ്ഥാന അധ്യാപക വിദ്യാഭ്യാസ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. റബീഉല്‍ ഇസ്‌ലാം.


Tags:    

Similar News