ലോക്ക് ഡൗണില്‍ കുടുംബം ദാരിദ്ര്യത്തില്‍; ഒരാഴ്ചയായി ഭക്ഷണമില്ല; അഞ്ച് വയസുകാരി മരിച്ചു
റേഷന്‍ കാര്‍ഡില്ലാത്ത 274 ദലിത് കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.
ലക്‌നോ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദാരിദ്ര്യത്തിലായആഗ്രയിലെ ബറൗലിയില്‍ അഞ്ചുവയസ്സുകാരി വിശന്ന് മരിച്ചതായി റിപോര്‍ട്ട്.നാഗ്ല വിധിചന്ദ് ഗ്രാമത്തിലെ ഷീലാ ദേവിയുടെ മകള്‍ സോണിയയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൂട്ടി പട്ടിണിമൂലം മരിച്ചത്.
ഒരു മാസ കാലമായി ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ഷീലയുടെ കുടുംബത്തിന് കഴിഞ്ഞ ഒരാഴ്ചയായി കഴിക്കാന്‍ ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. തനിക്ക് ഒരു ജോലി കണ്ടെത്താന്‍ കഴിയാത്തതിനാലാണ് മകള്‍ക്ക് ഈ ഗതി വന്നതെന്ന് ഷീലാ ദേവി പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. 15 ദിവസത്തോളം അയല്‍വാസികളാണ് ഇവരെ സഹായിച്ചിരുന്നതെന്നത്.
2016 ല്‍ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഷീലയുടെ മകനും പട്ടിണികിടന്ന് മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ടുചെയ്തു. ഷീല ഇപ്പോള്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ആശങ്കാകുപെടുകയാണ്. ഷീലയുടെ ഭര്‍ത്താവ് രോഗം ബാധിച്ച് കിടപ്പിലാണ്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് അവര്‍. കുടുംബത്തിന് റേഷന്‍ കാര്‍ഡോ പാചകവാതക കണക്ഷനോ ഇല്ലെന്ന് യുപി കോണ്‍ഗ്രസ് സെക്രട്ടറി അമിത് സിങ് പറഞ്ഞു. അധികൃതരൊന്നും അവരെ തിരിഞ്ഞുനോക്കിയില്ലെന്നും പ്രാദേശിക ഭരണകൂടം ശനിയാഴ്ചയാണ് സഹായം വാഗ്ദാനംചെയ്ത് എത്തിയതെന്നും അയല്‍വാസികള്‍ പറയുന്നു. ദിവസക്കൂലിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 1000 രൂപപോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വൈദ്യുതി കിട്ടുന്നില്ല. റേഷന്‍ കാര്‍ഡില്ലാത്ത 274 ദലിത് കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. അപേക്ഷകള്‍ കൈമാറിയിരുന്നുവെങ്കിലും സബ് ഡിവിഷന്‍ ഓഫിസിലുള്ളവര്‍ ഒരിക്കലും പ്രവര്‍ത്തിച്ചിരുന്നില്ല ഗ്രാമതലവന്‍ രാജേന്ദ്ര സിങ് പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.
