സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം: എസ് ഡിപിഐ

Update: 2022-01-07 17:33 GMT

ന്യൂഡല്‍ഹി: ജയിലില്‍ മരണപ്പെട്ട ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും എസ് ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ. സ്റ്റാന്‍ സ്വാമിയോട് ജയിലില്‍ മോശമായി പെരുമാറിയ കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മാവോവാദി ബന്ധമാരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ പോലിസ് അറസ്റ്റ് ചെയ്യുന്നത്.

'ദി വയര്‍' എന്ന ഓണ്‍ലൈന്‍ മാസികയ്ക്ക് അയച്ച കത്തില്‍ സഹതടവുകാരനായ ഇഖ്‌ലാഖ് റഹിം ഷെയ്ഖ് വെളിപ്പെടുത്തിയ ഏറ്റവും പുതിയ വാര്‍ത്ത അത്യന്തം ഞെട്ടിക്കുന്നതാണെന്ന് കാംബ്ലെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിഐപി തടവുകാരോടും അല്ലാത്തവരോടും ജയില്‍ ജീവനക്കാര്‍ കാണിക്കുന്ന മനുഷ്യത്വരഹിതവും വിവേചനപരവും ക്രൂരവുമായ പെരുമാറ്റം കത്ത് പുറത്തുകൊണ്ടുവരുന്നു. 2018ലെ ഭീമാ കൊറേഗാവ് അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയെ അര്‍ബന്‍ നക്‌സല്‍ എന്ന് മുദ്രകുത്തിയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

84 കാരനായ സ്വാമി 60 മാസത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്നതിന് ശേഷം 2021 ജൂലൈ 5ന് മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. പാര്‍ക്കിന്‍സണ്‍ ബാധിച്ച സ്വാമിക്ക് വെള്ളം കുടിക്കാന്‍ സിപ്പര്‍ നിഷേധിച്ചെന്ന വാര്‍ത്ത ലോകമെമ്പാടും രൂക്ഷമായ വിമര്‍ശനത്തിനിടയാക്കി.

സ്വാമിക്കും മറ്റ് തടവുകാര്‍ക്കുമെതിരായ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ റഹിം ഷെയ്ഖിന്റെ കത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍, ഈ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഒരു പോറലും കൂടാതെ തങ്ങളുടെ ക്രൂരതകള്‍ തുടരുകയാണ്. കത്ത് ജയിലിനുള്ളിലെ യഥാര്‍ഥ ചിത്രം അനാവരണം ചെയ്യുന്നു. മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനവും ജയില്‍ ജീവനക്കാരുടെ മനുഷ്യത്വരഹിതമായ സ്വഭാവവും കത്ത് വെളിപ്പെടുത്തുന്നുവെന്ന് കാംബ്ലെ പറഞ്ഞു.

Tags:    

Similar News