എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതി: ബംഗാള്‍ തൃണമൂല്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

Update: 2022-07-22 06:03 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്എസ്‌സി) അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ നടത്തുന്ന എയ്ഡഡ് സ്‌കൂളുകളിലേക്ക് അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിച്ചതില്‍ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ജൂണ്‍ 29ന് ഇഡി പാര്‍ഥ ചാറ്റര്‍ജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

രണ്ട് എഫ്‌ഐആറുകളാണ് അദ്ദേഹത്തിനെതിരേ രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് അനധികൃത നിയമനങ്ങള്‍ നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് മെയ് മാസത്തില്‍ അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. അനധികൃത നിയമനങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുകള്‍ കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സിബിഐ വിളിച്ചുവരുത്തിയത്.

പാര്‍ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഒരു ഉന്നതതല മേല്‍നോട്ട കമ്മിറ്റിയിലാണ് തട്ടിപ്പിന്റെ വേരുകളുള്ളതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞിരുന്നു. 2019 മുതല്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഈ കമ്മിറ്റി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അധ്യാപക നിയമനത്തിലെ നടപടിക്രമങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Tags:    

Similar News