ക്ഷേത്രത്തിന് സമീപമുള്ള മുസ് ലിം കടകള്‍ നീക്കണം; വീണ്ടും വര്‍ഗീയ നീക്കവുമായി ശ്രീ രാമസേന

Update: 2022-05-19 13:01 GMT

മൈസൂര്‍: മുസ് ലിംകള്‍ക്കെതിരേ വീണ്ടും വര്‍ഗീയ നീക്കവുമായി ശ്രീ രാമസേന തലവനും വിദ്വേഷ പ്രചാരകനുമായ പ്രമോദ് മുത്തലിക്ക്. മൈസൂര്‍ ചാമുണ്ഡി ക്ഷേത്രത്തിന് സമീപമുള്ള ആറ് മുസ് ലിം കടകള്‍ നീക്കണമെന്നാണ് ശ്രീ രാമസേനയുടെ ആവശ്യം. ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് മുസ് ലിംകള്‍ നടത്തുന്ന കടകള്‍. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ് കാലങ്ങളായി കടകള്‍ പ്രവര്‍ത്തിക്കുന്നത്.

മംഗലാപുരം, ഉഡുപ്പി മേഖലകള്‍ക്ക് സമാനമായി മൈസൂര്‍ മേഖലയിലും വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശ്രീ രാമസേനയുടെ പുതിയ നീക്കങ്ങളെന്ന് ആരോപണമുണ്ട്. നേരത്തെ ഉച്ചഭാഷണിയിലൂടെയുള്ള ബാങ്ക് വിളിക്കെതിരേയും മുത്തലിക്ക് രംഗത്തെത്തിയിരുന്നു. ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിച്ചാല്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നായിരുന്നു ശ്രീ രാമസേനയുടെ ഭീഷണി. സമാധാനപരമായി കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ശ്രീ രാമസേന ഉള്‍പ്പടെയുള്ള സംഘപരിവാര സംഘടനകള്‍ ശ്രമിക്കുന്നതെന്നും ഇതിന് സഹായകരമായ രീതിയിലാണ് ബിജെപി ഭരണകൂടം പ്രവര്‍ത്തിക്കുന്നതും വിവിധ രാഷ്ട്രീയ നേതാക്കള്‍ കുറ്റപ്പെടുത്തി.

Tags: