ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രജപക്സെ രാജിക്ക് സമ്മതിച്ചെന്ന് സ്പീക്കർ
വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വൈകീട്ടോടെയാണ് രാജി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിക്ക്. പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിവെക്കാൻ സമ്മതിച്ചെന്ന് സ്പീക്കർ അറിയിച്ചു. പ്രതിഷേധക്കാർ രാത്രിയും പ്രക്ഷോഭം തുടരുകയും രാജിവെച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വന്തം വീടിന് തീയിടുകയും ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
അതേസമയം രാജിവെച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രക്ഷോഭകാരികളാണ് വീട് കൈയ്യേറി തീയിട്ടത്. ഈ സമയത്ത് വീട്ടുകാരാരും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊളംബോയിൽ റനിൽ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കുടുംബവീടിനാണ് തീയിട്ടത്.
വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വൈകീട്ടോടെയാണ് രാജി പ്രഖ്യാപിച്ചത്. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതുമുട്ടിയ രാജ്യത്ത് ഇന്ന് ജനകീയ കലാപം നടന്നിരുന്നു. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രസിഡന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ ദേശീയ പതാക ഉയർത്തി.
