സ്‌ഫോടന പരമ്പര: ശ്രീലങ്കയില്‍ മുഖാവരണത്തിനു വിലക്ക്

പൊതുസുരക്ഷ കണക്കിലെടുത്താണ് ഉത്തരവിറക്കുന്നതെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫിസ് അറിയിച്ചു

Update: 2019-04-29 01:28 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖാവരണത്തിനു വിലക്കേര്‍പ്പെടുത്തി. ആളുകളെ തിരിച്ചറിയാനാവാത്ത വിധം മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസുരക്ഷ കണക്കിലെടുത്താണ് ഉത്തരവിറക്കുന്നതെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫിസ് അറിയിച്ചു. അടിയന്തരാവസ്ഥയുടെ ചട്ടങ്ങളില്‍ മുഖാവരണവിലക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ രാജ്യത്തെ ചര്‍ച്ചുകളില്‍ ആളുകള്‍ കുറവായിരുന്നു. അതിനിടെ, സ്‌ഫോടനത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ രണ്ടുപേരുടെ സഹോദരനായ മുഹമ്മദ് ഇബ്രാഹീം ഇഫ്രാന്‍ അഹ്്മദിനെ പ്രത്യേകാന്വേഷണ സംഘം കൊളംബോയിലെ ദെമാറ്റാഗോഡയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മഹാവിലയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലിസ് വക്താവ് റുവാന്‍ ഗുണശേഖര അറിയിച്ചു. ഒരു ജര്‍മന്‍ നിര്‍മിത എയര്‍ഗണ്ണും രണ്ടു വാളുകളും ഇദ്ദേഹത്തില്‍ നിന്ന് പിടികൂടിയതായും പോലിസ് അറിയിച്ചു. പോലിസ് രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്. 253 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് സുഗന്ധ വ്യഞ്ജന വ്യാപാരിയാ മുഹമ്മദ് ഇബ്രാഹീമിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടു മക്കളായ ഇന്‍സാഫ് അഹ്മദും ഇല്‍ഹാം അഹ്മദുമാണ് ചാവേര്‍ സ്‌ഫോടനത്തിനു പിന്നിലെന്നാണ് പോലിസ് കണ്ടെത്തല്‍. കോടീശ്വരനായ ഇബ്രാഹീമിനു ആകെ ഒമ്പതു മക്കളാണുള്ളത്.




Tags:    

Similar News