കര്‍ണാടകയില്‍ കന്നുകാലി കച്ചവടക്കാര്‍ക്കു നേരെ ശ്രീരാമസേന ആക്രമണം; ആറുപേര്‍ക്ക് പരിക്ക്

Update: 2023-08-23 09:41 GMT

മംഗലാപുരം: കര്‍ണാടകയിലെ ബിദറില്‍ കന്നുകാലി കച്ചവടക്കാര്‍ക്കു നേരെ ശ്രീരാമസേന ആക്രമണം. ടെംപോ വാനില്‍ 10 പശുക്കളുമായി പോവുകയായിരുന്ന മുസ് ലിം കന്നുകാലി വ്യാപാരികളെയാണ് ശ്രീരാമസേന പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പശുക്കളെ അനധികൃതമായി അറവുശാലയിലേക്ക് കൊണ്ടുപോവുകയാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വരുടെ ആക്രമണം. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ടെംപോ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പോലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സംഘര്‍ഷത്തില്‍ ടെംപോ ഡ്രൈവര്‍ മുജീബ്, അബ്ദുല്‍ സലിം, ശ്രീരാമ സേന പ്രവര്‍ത്തകരായ ബസവകുമാര്‍ ചൗക്കനപ്പള്ളി, വിശാല്‍, പ്രേമ റാത്തോഡ് എന്നിവക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുകേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 323, 504, 506, 341, 149, കര്‍ണാടക ഗോവധ നിരോധന നിയമം, കന്നുകാലി നിരോധന നിയമം എന്നിവ പ്രകാരമാണ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 143, 147, 341, 323, 504, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് രണ്ടാമത്തെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

Tags:    

Similar News