ഈഴവരും തിയ്യരും ആർഎസ്എസിൽ നിന്ന് ഇറങ്ങിപ്പോകണമെന്നാവശ്യവുമായി ശ്രീനാരായണ സമൂഹം
ലേഖനം വിവാദമായ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കൂടിയായ എസ്എന്‍ഡിപി ഭാരവാഹി കേസരിക്ക് മുന്നില്‍ പരാതി ഉന്നയിച്ചിരുന്നു. തന്റെ അറിവോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കി കേസരി പത്രാധിപര്‍ അയച്ച ഓഡിയോ ക്ലിപ്പ് പുറത്തെത്തിയിരുന്നു.
കോഴിക്കോട്: നാരായണഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണെന്ന് പരമാര്‍ശിച്ച ആര്‍എസ്എസ് മുഖപത്രം കേസരിയുടെ ലേഖനത്തിനെതിരെ വിമര്‍ശനവുമായി ശ്രീനാരായണ സമൂഹം രംഗത്ത്. ഈ മാസം 14ന് പുറത്തിറങ്ങിയ കേസരി മാസികയുടെ ലക്കത്തിനെതിരെയാണ് വിമര്‍ശനം.
കെജി സുധീര്‍ ശൂരനാട് എഴുതിയ ജ്ഞാനാന്വേഷകനായ വിദ്യാധിരാജന്‍ എന്ന ലേഖനത്തിലാണ് നാരായണഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനാണെന്ന് പരാമര്‍ശിക്കുന്നത്. ആർഎസ്എസിന് ചാവേറാകാൻ നടക്കുന്ന തിയ്യ വ്യക്തിത്വങ്ങളെ, നിവര്‍ന്ന നട്ടെല്ലോടെ നിന്നെ നേരെ നിര്‍ത്തിയ ഗുരുവിനെ അവമതിക്കുന്ന സവര്‍ണക്കൂട്ടത്തില്‍ നിന്നും ഇറങ്ങിപ്പോരാന്‍ മടിക്കുന്നതെന്തിനെന്ന ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്നുയരുന്നത്.
ലേഖനം വിവാദമായ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കൂടിയായ എസ്എന്‍ഡിപി ഭാരവാഹി കേസരിക്ക് മുന്നില്‍ പരാതി ഉന്നയിച്ചിരുന്നു. തന്റെ അറിവോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കി കേസരി പത്രാധിപര്‍ അയച്ച ഓഡിയോ ക്ലിപ്പ് പുറത്തെത്തിയിരുന്നു. വിയോജനക്കുറിപ്പ് നല്‍കിയാല്‍ വേണമെങ്കില്‍ പ്രസിദ്ധീകരിക്കാമെന്ന് പത്രാധിപര്‍ പറയുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് എതിര്‍പ്പുമായി ശ്രീനാരായണ സമൂഹം രംഗത്തെത്തിയത്.
ഗുരുവിനെ അപമാനിക്കാന്‍ ശ്രമിക്കുന്ന സവര്‍ണകൂട്ടത്തില്‍ നിന്ന് ഈഴവരും തിയ്യരും ഇറങ്ങിപ്പോകണമെന്ന ആഹ്വാനവുമായി ഈഴവ തിയ്യ സഭ ജനറല്‍ സെക്രട്ടറി നെടുമം ജയകുമാര്‍ രംഗത്തെത്തിയതും വിവാദമായിരുന്നു. ഗുരുനിന്ദ നടത്തിയ കേസരിയേയും ആര്‍എസ്എസിനേയും ബഹിഷ്‌കരിക്കണെമെന്നാണ് ഗുരുഭക്തര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ആവശ്യപ്പെടുന്നത്.
എന്നാല്‍ കൊവിഡ് കാലമായതിനാല്‍ വിവാദ ലേഖനമുള്ള മുഴുവന്‍ കോപ്പികളും അച്ചടിച്ച് കഴിഞ്ഞില്ലെന്നും വായനക്കാര്‍ക്ക് ഇ മെയിലില്‍ കൈമാറിയ കോപ്പികളിലൂടെയാണ് വിവരം പുറത്തുവന്നതെന്നും കേസരി എഡിറ്റര്‍ പ്രതികരിച്ചു. വിഷയത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ പ്രതികരണമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എസ്എൻഡിപി ഭാരവാഹിക്ക് കേസരിയിൽ നിന്ന് നേരിടേണ്ടി വന്ന അപമാനത്തിൽ സംഘടന പ്രതികരിച്ചിട്ടില്ല. ഇതിന് മുമ്പ് സിപിഎമ്മിൽ നിന്ന് ഗുരുനിന്ദയുണ്ടായെന്നാരോപിച്ച് എസ്എൻഡിപിയും ബിഡിജെഎസും രംഗത്തുവന്നിരുന്നു.

