ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി അംഗീകാരം: പ്രവേശന നടപടികള്‍ നാളെ മുതല്‍

Update: 2022-09-30 03:15 GMT

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് അംഗീകാരം നല്‍കി യുജിസി. ഇതോടെ നാളെ മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. യു ജി സി അംഗീകാരം നല്‍കിയ ഏഴ് കോഴ്‌സുകളിലാണ് പ്രവേശനം നടത്തുക. ഒക്ടോബര്‍ പത്ത് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം.

കോഴ്‌സുകള്‍ നടത്താനുളള അനുമതി ലഭിച്ചതിന് തൊട്ടു പിന്നാലെ പ്രവേശന നടപടികള്‍ ഊര്‍ജിതമാക്കുകയാണ് സര്‍വകലാശാല. പ്രവേശനത്തിനായുള്ള വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നവംബര്‍ 15 വരെ പ്രവേശന നടപടികള്‍ ആകാമെന്നാണ് യുജിസി നിര്‍ദേശം.

ബി എ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് എന്നീ ബിരുദ കോഴ്‌സുകളിലും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലെ പി ജി കോഴ്‌സുകളിലുമാണ് പ്രവേശനം നടത്തുക. ബാക്കി വിഭാഗങ്ങളില്‍ സ്ഥിര മേധാവികളെ നിയമിക്കാന്‍ ഇന്ന് ഇന്റര്‍വ്യൂ നടക്കും.

17 കോഴ്‌സുകള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഏഴ് കോഴ്‌സുകള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്. മറ്റ് വിഭാഗങ്ങള്‍ക്ക് സ്ഥിര മേധാവി ഇല്ലാത്തത് അംഗീകാരം ലഭിക്കുന്നതിന് തടസ്സമായെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ജയമോഹന്‍ അറിയിച്ചു.

Tags:    

Similar News