'മുസ്‌ലിംകള്‍ക്ക് എവിടെയാ തറവാട് ? ഇവിടെ പ്രബലര്‍ നായന്‍മാര്‍'; വിദ്വേഷ പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്

Update: 2023-02-23 08:19 GMT

കോഴിക്കോട്: സിവില്‍ സര്‍വീസ് പരിശീലന ക്ലാസില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് രംഗത്ത്. കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞു. യുപിഎസ്‌സി കേരളയുടെ യൂ ട്യൂബ് പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പരിശീലന ക്ലാസിലുണ്ടായിരുന്ന മുസ്‌ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രീജിത്ത് ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാല്‍, ഫിദയ്ക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസിനോട് ചോദിച്ചത്.

'കുട്ടി ഇസ്‌ലാം അല്ലേ, മുസ് ലിംകള്‍ക്ക് (പെണ്‍കുട്ടിയുടെ പേരുപറഞ്ഞ്) എവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. മനസ്സിലായോ ? നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും ഈഴവന്‍മാരും തറവാട് എന്ന് പറയും. ദാ ഈ കുട്ടി പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ലെന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ ?' 'എന്നാല്‍ അവര്‍ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു.

സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡൊമിനന്റ് കാസ്റ്റിന്റെ പ്രത്യേകത'. അങ്ങനെ ലോകത്ത് മെട്രിയാര്‍ക്കല്‍ രീതിയില്‍ ജീവിക്കുന്ന ഒരു സമുദായത്തിനെ ഡോമിനന്റ് കാസ്റ്റ് ആക്കിയിട്ടുള്ള ഒരേയൊരു ഭൂപ്രദേശമേ ഉള്ളൂ ലോകത്ത്. അത് കേരളമാണ്'. 'മരുമക്കത്തായത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ട്രൈബല്‍സായിട്ടാണ് ലോകത്ത് എല്ലായിടത്തും കണക്കാക്കുന്നത്. അവര്‍ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. ഇവിടുത്തെ നായന്‍മാരാണ്.

ഡോമിനന്റ് കാസ്റ്റ് എന്നൊരു കണ്‍സപ്റ്റുണ്ട്, ആന്ത്രപോളജിയും സോഷ്യോളജിയിലും ഒക്കെ. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നറിയാമോ? അവരുടെ രീതികളാണ് ഇതരസമുദായങ്ങള്‍ പകര്‍ത്തുക.'- ശ്രീജിത്ത് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പച്ചയായ ജാതീയത പറയുന്ന ശ്രീജിത്തിനെതിരേ വലിയ വിമര്‍ശനവമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

Tags:    

Similar News