സ്പ്രിന്‍ഗ്ലര്‍ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് യൂത്ത് ലീഗ്

Update: 2020-04-19 09:50 GMT

മലപ്പുറം: സ്പ്രിന്‍ഗ്ലര്‍ ഡാറ്റാ കൈമാറ്റ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും നിഷ്പക്ഷാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 20 തിങ്കളാഴ്ച നട്ടുച്ചപ്പന്തം എന്ന പേരില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് യൂത്ത് ലീഗ്. അഞ്ചുപേരാണ് പരിപാടിയില്‍ പങ്കെടുക്കുക. ഒരാള്‍ പന്തം പിടിക്കും. മറ്റു നാലുപേര്‍ സാമൂഹിക അകലം പാലിച്ച് ഇരു ഭാഗത്തുമായി നില്‍ക്കും. 'ഒറ്റുകാരന്‍ പിണറായി വിജയന്‍ രാജിവയ്ക്കുക', 'സ്പ്രിന്‍ഗ്ലര്‍ അഴിമതി അന്വേഷിക്കുക' എന്ന് പ്ലക്കാര്‍ഡില്‍ എഴുതി ഉയര്‍ത്തി പിടിച്ചാകും പ്രതിഷേധം. 12.30 വരെ മുദ്രാവാക്യം വിളിക്കുകയും ശേഷം സമരം അവസാനിപ്പിക്കുകയും ചെയ്യുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. കൊവിഡ് കാലത്ത് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ദുരന്ത മുഖത്തെ കഴുകന്റെ മനസ്സാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കരാര്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ആണെന്നും ഡാറ്റാ ക്രോഡീകരണ കരാര്‍ സ്പ്രിന്‍ഗ്ലര്‍ ഏറ്റെടുത്തതോടെ ആ കമ്പനിയുടെ വൈബ്‌സൈറ്റ് തന്നെ മരവിപ്പിച്ച അവസ്ഥയിലാണെന്നും പി കെ ഫിറോസ് ആരോപിച്ചു.


Tags: