വിമാനമിറങ്ങിയ യാത്രക്കാര്‍ ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്, ഒടുവില്‍ റണ്‍വേയിലൂടെ നടത്തം; വീണ്ടും സ്‌പൈസ് ജെറ്റിന്റെ സുരക്ഷാവീഴ്ച

Update: 2022-08-07 15:39 GMT

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റിന് നാണക്കേടായി വീണ്ടും സുരക്ഷാ വീഴ്ച. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ യാത്രക്കാര്‍ റണ്‍വേയില്‍ ടെര്‍മിനലിലേക്ക് പോവാന്‍ ബസ് കാത്തുനില്‍ക്കേണ്ടിവന്നത് 45 മിനിറ്റാണ്. ഒടുവില്‍ പ്രകോപിതരായ യാത്രക്കാര്‍ പലരും കാല്‍നടയായി റണ്‍വേയിലൂടെ ടെര്‍മിനലിലേക്ക് നീങ്ങുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപമാകിയ പ്രചരിക്കുന്നുണ്ട്. ഇതൊരു സുരക്ഷാപ്രശ്‌നമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും ഡിജിസിഎ അറിയിച്ചു. ശനിയാഴ്ച രാത്രി സ്‌പൈസ് ജെറ്റിന്റെ ഹൈദരാബാദ്- ഡല്‍ഹി വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് വിമാനത്താവളത്തില്‍ ദുരനുഭവം നേരിട്ടത്.

സുരക്ഷാകാരണങ്ങളാല്‍ കാല്‍നട യാത്ര വിലക്കിയിട്ടുളള ടാര്‍മാക് ഏരിയയിലൂടെ ആയിരുന്നു യാത്രക്കാരുടെ സഞ്ചാരം. ബസ്സുകളിലാണ് ഈ ഏരിയയിലൂടെ യാത്രക്കാരെ വിമാനത്തിലെത്തിക്കുന്നതും തിരിച്ച് ടെര്‍മിനലിലെത്തിക്കുന്നതും. ബസ് എത്തിക്കാന്‍ വൈകിയതായി സ്‌പൈസ് ജെറ്റിന്റെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനം ലഭ്യമായ മുറയ്ക്ക് എത്തിച്ചു. നടന്നുതുടങ്ങിയ പലരും വാഹനത്തിലാണ് ടെര്‍മിനലിലെത്തിയത്. കൂടുതല്‍ പേര്‍ക്ക് കാല്‍നടയായി പോവേണ്ടിവന്നില്ല. എന്നാല്‍, ചുരുക്കം ചിലര്‍ മാത്രം ജീവനക്കാരുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ഥന ചെവികൊളളാതെ നടക്കുകയായിരുന്നുവെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

186 യാത്രക്കാരുമായി സ്‌പൈസ് ജെറ്റിന്റെ ഹൈദരാബാദ്- ഡല്‍ഹി വിമാനം ശനിയാഴ്ച രാത്രി 11.24 ഓടെയണ് ഡല്‍ഹിയിലെത്തിയത്. ഒരു ബസ് വന്ന് യാത്രക്കാരില്‍ ഒരുവിഭാഗത്തെ ടെര്‍മിനല്‍ 3 ലേക്ക് കൊണ്ടുപോയി. ബാക്കിയുള്ള യാത്രക്കാര്‍ ഏകദേശം 45 മിനിറ്റോളം കാത്തിരുന്നു. ബസ് വരുന്നത് വൈകിയതോടെ ഏകദേശം 1.5 കിലോമീറ്റര്‍ അകലെയുള്ള ടെര്‍മിനലിലേക്ക് ഇവര്‍ നടക്കാന്‍ തുടങ്ങുകയായിരുന്നു- പിടിഐ റിപോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായ സാങ്കേതിക തകരാറുകളില്‍ അടുത്തിടെ സ്‌പൈസ് ജെറ്റിനെതിരേ അന്വേഷണം നടക്കുകയാണ്. നിലവില്‍ ഡിജിസിഎയുടെ കര്‍ശന നിര്‍ദേശപ്രകാരം സ്‌പൈസ് ജെറ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. ഡിജിസിഐയുടെ നിരീക്ഷമത്തിലാവും സ്‌പൈസ് ജെറ്റിന്റെ പ്രവര്‍ത്തനമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴുണ്ടായ സുരക്ഷാ വീഴ്ചയില്‍ സ്‌പൈസ് ജെറ്റിനെതിരേ ഡിജിസിഐ എന്ത് നടപടി സ്വീകരിക്കുമെന്നത് വരും ദിവസങ്ങളില്‍ കാണാം.

Tags:    

Similar News