ജഗമന്‍ മോഹന്‍ റെഡ്ഡി മോദിയുമായി കൂടിക്കാഴ്ച്ച നടത്തി; ആന്ധ്രയ്ക്ക് പ്രത്യേക പദവി ചര്‍ച്ച ചെയ്്തു

Update: 2019-05-26 11:34 GMT

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ച്ച നടത്തി. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തിയ ജഗന്‍ കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ടും ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. കൂടിക്കാഴ്ച്ചയില്‍ ആന്ധ്രയ്ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി പിന്നീട് മോദി ട്വീറ്റ് ചെയ്തു.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയമായിരുന്നു സംസ്ഥാനത്തിന്റെ പ്രത്യേക പദവി. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉറപ്പ് നല്‍കുന്ന ഏത് മുന്നണിയെയും കേന്ദ്രത്തില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും ജഗന്‍ അറിയിച്ചിരുന്നു. തൂക്കുസഭ വരികയാണെങ്കില്‍ ഇതുവച്ച് വിലപേശാമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളില്‍ ജഗന്‍ നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ജയിച്ചത്.

എന്നാല്‍, കേന്ദ്രത്തിലേക്ക് ബിജെപി തനിച്ച് ഭൂരിപക്ഷം നേടിയതോടെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്. ബിജെപിക്ക് 250 സീറ്റുകള്‍ മാത്രമേ കിട്ടിയിരുന്നുള്ളുവെങ്കില്‍ നമുക്ക് കേന്ദ്രത്തെ അധികം ആശ്രയിക്കേണ്ടി വരില്ലായിരുന്നുവെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം ജഗന്‍ പറഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് നമ്മളെ ആവശ്യമില്ല. നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു- ജഗന്‍ മോഹന്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ആന്ധ്രപ്രദേശിന്റെ ആവശ്യം കേന്ദ്രം നിരസിച്ചുവരികയായിരുന്നു. ചന്ദ്രബാബു നായിഡു ബിജെപിയുടെ സഖ്യകക്ഷിയായിരുന്നിട്ടു പോലും ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം എന്‍ഡിഎ വിട്ടത്. പുതിയ ചട്ടങ്ങള്‍ പ്രകാരം മലയോര സംസ്ഥാനങ്ങള്‍ക്കു മാത്രമേ പ്രത്യേക പദവി നല്‍കാനാവൂ എന്നാണ് കേന്ദ്ര നിലപാട്.  

Tags:    

Similar News