മുന്നറിയിപ്പുകൾ മറികടന്ന് വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ

Update: 2022-11-03 10:25 GMT


മുന്നറിയിപ്പുകൾ മറികടന്ന് വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തത്.

പ്യോങ്‌യാങ്ങിലെ സുനൻ പ്രദേശത്തു നിന്ന് രാവിലെ 7.40ഓടെ കിഴക്കൻ കടലിലേക്ക് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി കണ്ടെത്തിയെന്നാണ് ഉത്തര കൊറിയന്‍ സൈന്യം അറിയിച്ചത്. ദക്ഷിണ പ്യോംഗൻ പ്രവിശ്യയിലെ കെച്ചോണിൽ നിന്ന് രാവിലെ 8:39ന് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടെന്ന് ദക്ഷിണ കൊറിയ പറയുന്നു. ദക്ഷിണ കൊറിയയുടെ സൈന്യം അമേരിക്കയുമായി സഹകരിച്ച് നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ദക്ഷിണ കൊറിയയിലുള്ളവര്‍ക്കും വടക്കന്‍ ജപ്പാനിന്റെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് ദക്ഷിണ കൊറിയയുടെ സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തി വന്നിരുന്നത്. കഴിഞ്ഞ ദിവസം വിക്ഷേപിച്ച മിസൈലുകളിലൊന്ന് ദക്ഷിണ കൊറിയയുടെ അതിര്‍ത്തി വരെ എത്തിയതായാണ് റിപ്പോര്‍ട്ട്.