ഇസ്രായേലിനെ വര്‍ണവിവേചന രാഷ്ട്രമായി പ്രഖ്യാപിക്കണം: ദക്ഷിണാഫ്രിക്ക

മേഖലയിലെ തുടര്‍ച്ചയായുള്ള കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

Update: 2022-07-27 16:38 GMT

കേപ്ടൗണ്‍: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ സുപ്രധാന മേഖലകളില്‍ ഇസ്രായേല്‍ അധിനിവേശവും കുടിയേറ്റവും തുടരുന്നതില്‍ ആശങ്കയറിയിച്ച് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. മേഖലയിലെ തുടര്‍ച്ചയായുള്ള കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

അടിച്ചമര്‍ത്തപ്പെടുകയും വംശീയമായി മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത ദക്ഷിണാഫ്രിക്കയുടെ ചിരിത്രാനുഭവങ്ങളാണ് ഫലസ്തീനിയന്‍ വര്‍ത്തമാനങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ അന്താരാഷ്ട്ര, സഹകരണ മന്ത്രി നലേദി പന്‍ഡൊര്‍ പറഞ്ഞു. തലസ്ഥാനമായ പ്രിതോറിയയില്‍ നടന്ന ആഫ്രിക്കയിലെ ഫലസ്തീന്‍ മിഷന്‍ മേധാവികളുടെ രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി നലോദി പന്‍ഡൊര്‍.

അടിച്ചമര്‍ത്തപ്പെട്ട ദക്ഷിണാഫ്രിക്കക്കാരെന്ന നിലയില്‍, വംശീയ അസമത്വത്തിന്റെയും വിവേചനത്തിന്റെയും നിഷേധത്തിന്റെയും പ്രത്യാഘാതങ്ങള്‍ ഞങ്ങള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞു. മറ്റൊരു ഫലസ്തീന്‍ തലമുറ പിന്നില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് നോക്കിനില്‍ക്കാനാവില്ല. വര്‍ണവിവേചന രാഷ്ട്രമായി ഇസ്രായേലിനെ പ്രഖ്യാപിക്കണമെന്നാണ് ദക്ഷിണാഫ്രിക്ക കരുതുന്നത് നലോദി പന്‍ഡൊര്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി ഫോറത്തില്‍ പങ്കെടുത്തു. ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ദുരിതങ്ങളും മനസ്സിലാക്കാന്‍ കഴിയുന്ന ഏതെങ്കിലും രാഷ്ട്രമോ രാഷ്ട്രങ്ങളോ ഉണ്ടെങ്കില്‍ അത് ആഫ്രിക്കന്‍ വന്‍കരയും ആഫ്രിക്കന്‍ ജനതയുമാണെന്ന് മാലികി ഊന്നിപ്പറഞ്ഞു.

Tags:    

Similar News