കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയാ ഗാന്ധി

ഒരു ജനതയെന്ന നിലയില്‍ അവര്‍ക്ക് സംഭവിച്ച സങ്കല്‍പ്പിക്കാനാവാത്ത ദുരന്തത്തിന് ശേഷം നല്ലൊരു ഭാവി ഉറപ്പുവരുത്താന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു. കൊവിഡ് ബാധിച്ച് കൊച്ചുകുട്ടികള്‍ക്ക് മാതാപിതാക്കളിലൊരാളെ നഷ്ടപ്പെടുന്ന വാര്‍ത്തയാണ് ഏറ്റവും വിഷമിപ്പിക്കുന്നത്.

Update: 2021-05-20 12:26 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കൊവിഡ് പിടിപെട്ട് മാതാപിതാക്കളോ കുടുംബം പുലര്‍ത്തുന്നതിന് ഏകവരുമാനമാര്‍ഗം കണ്ടെത്തിയിരുന്ന രക്ഷിതാവോ നഷ്ടമായവരുടെ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. ഇത്തരത്തിലുള്ള കുട്ടികളെ സര്‍ക്കാരിന്റെ മുന്‍നിര സ്‌കൂള്‍ ശൃംഖലയായ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ സൗജന്യമായി പഠിക്കാന്‍ അനുവദിക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. മകനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയാണ് കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു ജനതയെന്ന നിലയില്‍ അവര്‍ക്ക് സംഭവിച്ച സങ്കല്‍പ്പിക്കാനാവാത്ത ദുരന്തത്തിന് ശേഷം നല്ലൊരു ഭാവി ഉറപ്പുവരുത്താന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു. കൊവിഡ് ബാധിച്ച് കൊച്ചുകുട്ടികള്‍ക്ക് മാതാപിതാക്കളിലൊരാളെ നഷ്ടപ്പെടുന്ന വാര്‍ത്തയാണ് ഏറ്റവും വിഷമിപ്പിക്കുന്നത്. ഈ കുട്ടികള്‍ക്കാണ് നഷ്ടത്തിന്റെ ആഘാതം നേരിടുന്നത്. സ്ഥിരമായ വിദ്യാഭ്യാസത്തിനോ ഭാവി ഉറപ്പാക്കുന്നതിനോ ഇവര്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ല- സോണിയാ ഗാന്ധി കത്തില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1986 ല്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ (ജെഎന്‍വി) പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുകയും അതേ വര്‍ഷംതന്നെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു.

ഗ്രാമീണമേഖല കേന്ദ്രീകരിച്ച് കഴിവുള്ള കുട്ടികളെ കണ്ടെത്തി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സംവിധാനത്തില്‍ മികച്ച വിദ്യാഭ്യാസം നല്‍കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് നവോദയ വിദ്യാലയങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. ഇന്ത്യയിലെയും മറ്റിടങ്ങളിലെയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ജെഎന്‍വി സമ്പ്രദായം സമാനതകളില്ലാത്തതാണെന്ന് ജെഎന്‍വികള്‍ നടത്തുന്ന നവോദയ വിദ്യാലയ സമിതി വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. നിങ്ങള്‍ക്കറിയാവുന്നതുപോലെ എന്റെ ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് നവോദയ വിദ്യാലയങ്ങളുടെ ശൃംഖല.

ഉയര്‍ന്ന നിലവാരമുള്ള ആധുനിക വിദ്യാഭ്യാസം പ്രഗത്ഭരായ യുവാക്കള്‍ക്ക് പ്രാപ്യവും താങ്ങാനാവുന്നതുമാക്കി മാറ്റുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ഇതില്‍ പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ളവരാണ്. രാജ്യത്തൊട്ടാകെ 661 സ്‌കൂളുകളാണ് ഇപ്പോഴുള്ളത്. കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെയോ കുടുംബത്തിലെ ഏകവരുമാനമായ രക്ഷിതാവിനെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നവോദയ വിദ്യാലയത്തില്‍ സൗജന്യവിദ്യാഭ്യാസം നല്‍കുന്നത് പരിഗണിക്കണമെന്ന് ഗാന്ധി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

Tags:    

Similar News