വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ മാതാവിനെ സാഹസികമായി രക്ഷപ്പെടുത്തി മകൻ
നിലമ്പൂർ: കാൽ വഴുതി കിണറ്റിൽ വീണ മാതാവിനെ മകൻ അതിസാഹസികമായി രക്ഷപ്പെടുത്തി. വഴിക്കടവ് ആലപ്പൊയിലിലെ മുണ്ടക്കതൊടിക ആമിനയെയാണ് (60) മകൻ അബ്ദുൽ റഷീദ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെയാണ് സംഭവം. വീടിന് ചേർന്നുള്ള കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെയാണ് കാൽ തെന്നി ആമിന 31 റിങ്ങുള്ള കിണറ്റിൽ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ അബ്ദുൽ റഷീദ് ഉടൻ കിണറ്റിലേക്ക് എടുത്തു ചാടി.
17 റിങ് വെള്ളമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധം പോയ ഉമ്മയെ മകൻ റിങ്ങിൽ പിടിച്ച് വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ ആമിനയുടെ ഇളയ മകൻ അഷ്റഫും കിണറ്റിലേക്ക് സഹസികമായി ഇറങ്ങി. രണ്ട് പേരും ചേർന്ന് ഉമ്മയെ ഉയർത്തി പിടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ മൂവരെയും കരക്കെത്തിച്ചു. കിണറ്റിലേക്ക് ചാടുന്നതിനിടെ റിങ്ങിൽ തട്ടി റഷീദിന്റെ കാലൊടിഞ്ഞിട്ടുണ്ട്. മറ്റു രണ്ട് പേരും പരിക്കേൽക്കാതെ രക്ഷപെട്ടു.
