സോളാര്‍ അപകീര്‍ത്തി കേസ്; വിധിക്കെതിരേ അപ്പീല്‍ നല്‍കി വി എസ് അച്യുതാനന്ദന്‍
സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെ പറ്റി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപകീര്‍ത്തികരമാണ് എന്ന് പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്.
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടകേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കി വി എസ് അച്യുതാനന്ദന്‍. ജില്ല പ്രിന്‍സിപ്പല്‍ കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. തിരുവനന്തപുരം സബ് കോടതിയായിരുന്നു വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് വി എസിന്റെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെ പറ്റി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപകീര്‍ത്തികരമാണ് എന്ന് പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന വി എസ് പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകള്‍ ഒന്നും തെന്ന ഉമ്മന്‍ ചാണ്ടി കോടതിയില്‍ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപോര്‍ട്ടും തുടര്‍ന്ന് ഗവണ്‍മെന്റ് റിപോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ എടുത്ത നടപടി റിപോര്‍ട്ടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയുള്ള ജനുവരി 22ലെ സബ്കോടതി വിധിക്കെതിരെ അപ്പീല്‍ നടപടി സ്വീകരിക്കുമെന്നാണ് വി എസിന്റെ ഓഫീസ് അറിയിച്ചത്.
സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
ഇതിനെതിരേ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
