ആദിവാസികൾക്ക് നേരെയുണ്ടായ സൈന്യത്തിന്റെ വെടിവെപ്പിന് പിന്നാലെ ബേല ഭാട്ടിയയും ജീൻ ദ്രെസും കസ്റ്റഡിയിൽ
ബിജാപൂർ ഭരണകൂടം ഇന്നലെ രാത്രി മുതൽ സർക്യൂട്ട് ഹൗസിൽ ഇരുവരേയും തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഛത്തിസ്ഗഢ് പിയുസിഎൽ പ്രസ്താവനയിൽ അറിയിച്ചു
ബസ്തർ: ആദിവാസികൾക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് ആദിവാസികൾ ബസ്തറിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സാമൂഹിക പ്രവർത്തകരായ ബേല ഭാട്ടിയയും ജീൻ ദ്രെസും കസ്റ്റഡിയിൽ. ബിജാപൂർ ഭരണകൂടം ഇന്നലെ രാത്രി മുതൽ സർക്യൂട്ട് ഹൗസിൽ ഇരുവരേയും തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഛത്തിസ്ഗഢ് പിയുസിഎൽ പ്രസ്താവനയിൽ അറിയിച്ചു. മേഖലയിൽ സ്ഥാപിക്കുന്ന പോലിസ് ക്യാംപിനെതിരെയായിരുന്നു ആദിവാസി പ്രതിഷേധം.
വെടിവെപ്പ് നടന്ന പ്രദേശം സന്ദർശിച്ച് വസ്തുതാന്വേഷണത്തിന് ബേല ഭാട്ടിയയും ജീൻ ദ്രെസും അടക്കമുള്ളവർ നേതൃത്വം നൽകിയിരുന്നു. ഈ സംഘത്തെ പ്രദേശത്തേക്ക് കടത്തിവിടാതെ പോലിസ് തടയുകയായിരുന്നു. സർവ് ആദിവാസി സമാജിന്റെ മറ്റൊരു സംഘവും ഈ പ്രദേശം സന്ദർശിക്കുന്നതിന് ശ്രമിച്ചെങ്കിലും അവരേയും തടഞ്ഞു.
പ്രദേശം സന്ദർശിച്ച് വസ്തുതാന്വേഷണം നടത്തുവാൻ ആർക്കും അവകാശമുണ്ട്. അഭിഭാഷകരേയും സാമൂഹിക പ്രവർത്തകരേയും തടയുന്നത് പോലിസിനും ഭരണകൂടത്തിനും എന്തോ മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണെന്ന് പിയുസിഎൽ പ്രസ്താവനയിലൂടെ ആരോപിച്ചു.