ജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്‍ അറസ്റ്റില്‍

കേസെടുത്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ മുദ്രാവാക്യം ഏറ്റുവിളിച്ചെന്ന് ആരോപിച്ച് ഇരുപത് പേരെയാണ് അറസ്റ്റ് ചെയ്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവടക്കം നാലുപേര്‍ കൂടി ഇന്ന് അറസ്റ്റിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 24 ആയി.

Update: 2022-05-28 13:21 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ ഒരു ബാലന്‍ വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ സര്‍ക്കാരും പോലിസും ചേര്‍ന്ന് നടത്തുന്നത് സമാനതകളില്ലാത്ത പോപുലര്‍ ഫ്രണ്ട് വേട്ട. മെയ് 21 ന് നടന്ന ജനമഹാ സമ്മേളനത്തിന് പിന്നാലെ ബഹുജന റാലിയില്‍ കുട്ടി വിളിച്ച ആര്‍എസ്എസിനെതിരായ മുദ്രാവാക്യം മതവിദ്വേഷം പരത്തുന്നതെന്നാരോപിച്ചായിരുന്നു മെയ് 23 പോലിസ് കേസെടുത്തത്.

ആര്‍എസ്എസിനെതിരേ കുട്ടി വിളിച്ച മുദ്രാവാക്യം ഹിന്ദുക്രിസ്ത്യന്‍ വിഭാ?ഗങ്ങള്‍ക്കെതിരേയാണെന്ന ഭാഷ്യം ആദ്യം പ്രചരിപ്പിച്ചത് ആര്‍എസ്എസ് ചാനലായ ജനം ടിവി ആയിരുന്നു. മുദ്രാവാക്യത്തിലെ ആര്‍എസ്എസേ ചാണകമേ... തുടങ്ങുന്ന വരികള്‍ ബോധപൂര്‍വം ഒഴിവാക്കി പ്രചരിപ്പിക്കുകയായിരുന്നു ജനം ടിവി. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവായ പുന്നപ്ര സ്വദേശിയായ അഡ്വ. വി!ജയകുമാര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.

കേസെടുത്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ മുദ്രാവാക്യം ഏറ്റുവിളിച്ചെന്ന് ആരോപിച്ച് ഇരുപത് പേരെയാണ് അറസ്റ്റ് ചെയ്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവടക്കം നാലുപേര്‍ കൂടി ഇന്ന് അറസ്റ്റിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 24 ആയി. നിരന്തരം പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരായ പോപുലര്‍ ഫ്രണ്ട് നേതാക്കളേയും പ്രവര്‍ത്തകരേയും പാതിരാത്രിയില്‍ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ് ചെയ്തതെന്നത് ശ്രദ്ധേയമാണ്.

പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, ജില്ലാ ട്രഷറര്‍ ഇബ്രാഹിം വണ്ടാനം, ചേര്‍ത്തല ഡിവിഷന്‍ പ്രസിഡന്റ് ഷാനവാസ് മൗലവി, ആലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് അന്‍സല്‍, കായംകുളം ഡിവിഷന്‍ സെക്രട്ടറി നിഷാദ്, എസ്ഡിപിഐ അരൂര്‍ മണ്ഡലം പ്രസിഡന്റ് രാജ് ഷാ, ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് സുനീര്‍, ചേര്‍ത്തല മണ്ഡലം സെക്രട്ടറി അന്‍സല്‍, ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് സിറാജ് പീടികയില്‍, അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നിസാര്‍ തുടങ്ങിയ ഇരുപത്തിനാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

അതേസമയം മുദ്രാവാക്യത്തിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആലപ്പുഴയിലെ പോലിസ് നടത്തുന്ന നരനായാട്ടിനെതിരേ പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ കമ്മിറ്റി എസ്പി ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സര്‍ക്കാരും പോലിസും ആര്‍എസ്എസ് നിര്‍മിത പൊതുബോധത്തോടൊപ്പം നിന്ന് കൊണ്ട് നടത്തുന്ന പോലിസ് വേട്ടയാണ് ആലപ്പുഴ ജില്ലയില്‍ ഉടനീളം നടക്കുന്നതെന്നും ആര്‍എസ്എസിന് ദാസ്യവേല നടത്തുന്ന പോലിസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന കാലം വരെ തെരുവുകള്‍ പ്രക്ഷുബ്ധമാക്കുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹ്‌യ തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം സംഘടനകള്‍ക്കും യുവാക്കള്‍ക്കുമെതിരേ ആര്‍എസ്എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പോലിസ് നിരന്തരം 153എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അതേസമയം ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്ന സമീപനമാണ് കേരള പോലിസ് സ്വീകരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.

Similar News