കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നു; മെയ് ആദ്യപകുതിയില്‍ പാര്‍ലമെന്റ് മാര്‍ച്ച്

പാര്‍ലമെന്റ് മാര്‍ച്ചില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകളും ദലിതരും ആദിവാസികളും തൊഴില്‍രഹിതരായ യുവാക്കളും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ആളുകള്‍ പങ്കാളികളാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2021-03-31 16:18 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. മെയ് ആദ്യപകുതിയില്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കഴിഞ്ഞ നാല് മാസത്തില്‍ അധികമായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.

പാര്‍ലമെന്റ് മാര്‍ച്ചില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകളും ദലിതരും ആദിവാസികളും തൊഴില്‍രഹിതരായ യുവാക്കളും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ആളുകള്‍ പങ്കാളികളാകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. കര്‍ഷസമരത്തിന്റെ മൂന്ന് പ്രധാന കേന്ദ്രങ്ങള്‍ ആയ സിംഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതിഷേധക്കാര്‍ കാല്‍നടയായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുക. പാര്‍ലമെന്റ് മാര്‍ച്ചിന്റെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

ഏപ്രില്‍ 1 മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് എതിരേയുളള സമരം കടുപ്പിക്കാനാണ് കര്‍ഷക തീരുമാനം. ഏപ്രില്‍ 1ന് കെഎംപി ഹൈവേ 24 മണിക്കൂര്‍ തടയാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് ആയിരുന്നു പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ച് സംഘര്‍ഷഭരിതമായതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് മാര്‍ച്ച് നീട്ടി വെച്ചത്.

ട്രാക്ടറുകളില്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. നിരവധി കര്‍ഷകര്‍ക്കും പോലിസുകാര്‍ക്കും അടക്കം സംഘര്‍ഷത്തില്‍ പരിക്കേറ്റു. സമാധാനപരമായി മുന്നോട്ട് പോകുകയായിരുന്ന കര്‍ഷക സമരത്തെ മോശമാക്കി ചിത്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് അക്രമം ആസൂത്രണം ചെയ്തത് എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇതിനകം കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.

Tags:    

Similar News