മുസ്‌ലിം ലീഗുമായി സഹകരിച്ചിട്ടുണ്ട്; എ വിജയരാഘവനെ തള്ളി യച്ചൂരി
മുസ്‌ലിം ലീഗിന്റെ പരിപാടികളില്‍ ഞാനും പോകാറുണ്ട്. ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു. അവരുള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട്.
കോഴിക്കോട്:
മുസ്‌ലിം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും യച്ചൂരി പറഞ്ഞു.
ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. മതേതര പാര്‍ട്ടി എന്ന് ലീഗ് അവകാശപ്പെടുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇ അഹമ്മദിനെ പിന്തുണച്ചിരുന്നതായും യച്ചൂരി വ്യക്തമാക്കി. മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്താതിരിക്കുന്നിടത്തോളം കാലം അവര്‍ മതേതരരാണെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.
യെച്ചൂരി പറഞ്ഞത് ഇങ്ങനെ:
ഐഎസ്എഫ് വര്‍ഗീയ പാര്‍ട്ടിയാണെങ്കില്‍ മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാകുന്നതെങ്ങനെ? എന്ന ചോദ്യമുണ്ടാകും. മതേതരര്‍ എന്ന് അവകാശപ്പെടുന്ന യുഡിഎഫിനൊപ്പമാണ് അവരുള്ളത്. മുസ്‌ലിം ലീഗിന്റെ പരിപാടികളില്‍ ഞാനും പോകാറുണ്ട്. ഇ അഹമ്മദ് അടുത്ത സുഹൃത്തായിരുന്നു. അവരുള്‍പ്പെടുന്ന യുപിഎ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട്. അതെല്ലാമിവിടെയുണ്ട്. മുസ്‌ലിം ലീഗ് മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്താതിരിക്കുന്നിടത്തോളം കാലം അവര്‍ മതേതരാണ്.
കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയായി ലീഗ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഈ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു പിണറായിയെ സംരക്ഷിച്ച് മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തിയത്.
