സഭാ മേധാവികളുടെ പീഡനം: സിസ്റ്റര്‍ ലൂസി കളപുരയുടെ സത്യാഗ്രഹം ഇന്നു മുതല്‍

Update: 2022-09-27 01:43 GMT

കല്‍പറ്റ: മാനന്തവാടി കാരയ്ക്കമലയിലെ മഠത്തിന് മുന്‍പില്‍ സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍ ഇന്നു മുതല്‍ സത്യാഗ്രഹ സമരം നടത്തും. മഠാധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ചാണ് സത്യാഗ്രഹ സമരം നടത്തുന്നത്. നിലവില്‍ കേസ് കഴിയുന്നതു വരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അനുവദിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരായ നിലപാടാണ് മഠാധികൃതര്‍ സ്വീകരിക്കുന്നത് എന്നാണ് ആരോപണം. സിസ്റ്റര്‍ ലൂസി കളപ്പുര ബോധിപ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ സിസ്റ്റര്‍ക്ക് കാരയ്ക്കാമല എഫ്‌സിസി കോണ്‍വെന്റില്‍ തുടര്‍ന്ന് താമസിക്കാനും കാലങ്ങളായി സിസ്റ്റര്‍ക്കും സഹകന്യാസ്ത്രീകള്‍ക്കുമായി മഠം അധികൃതര്‍ അനുവദിച്ചിരിക്കുന്ന പൊതുവായ എല്ലാ ആനുകൂല്യങ്ങളും ഒരുപ്പോലെ ഉപയോഗിക്കാനും ബഹുമാനപ്പെട്ട മാനന്തവാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കോടതിയുടെ ഈ നിര്‍ദ്ദേശത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണ് മഠം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് സിസ്റ്റര്‍ പറയുന്നത്. സിസ്റ്റര്‍ക്ക് ഭക്ഷണം നിഷേധിക്കുന്നതോടൊപ്പം ഭക്ഷണം പാചകം ചെയ്യാനുള്ള അടുക്കള സൗകര്യം കൂടി നിഷേധിക്കുന്ന സമീപനമാണ് കുറച്ച് കാലങ്ങളായി മഠം അധികൃതര്‍ കൈക്കൊള്ളുന്നത് എന്നും സിസ്റ്റര്‍ ആരോപിച്ചു. ഈ കാര്യത്തില്‍ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് മഠത്തിന് മുന്‍പില്‍ സത്യാഗ്രഹ സമരമാരംഭിക്കുന്നത്.

Tags: