എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ക്കിടെ 140 പേര്‍ മരിച്ചു; സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍ തേടി മമത

Update: 2026-02-01 15:51 GMT

കൊല്‍ക്കത്ത: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആര്‍) സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ക്കിടെ ഏകദേശം 140 പേര്‍ മരിച്ചതായും ഇത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിച്ചു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ മമത ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷനെയും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫിസറെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്‌സര്‍വര്‍മാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെയും മമത ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനര്‍ജി പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ ആദ്യം മുതല്‍ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് മമത ബാനര്‍ജി സ്വീകരിച്ചിട്ടുള്ളത്. വ്യാപകമായ നിലയില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നുമുള്ള നിലപാടാണ് തൃണമൂലും ഹര്‍ജിയില്‍ ആരോപിക്കുന്നത്.



Tags: